മാത്യു പെറിയുടെ മരണം 'കെറ്റാമൈനിന്‍റെ' അമിത ഉപയോഗമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഒക്ടോബര്‍ 29നാണ് മാത്യു പെറി ലോകത്തോട് വിട പറഞ്ഞത്.
Matthew Perry's death cause Ketamine overdose post-mortem report
Matthew Perry's death cause Ketamine overdose post-mortem report

ലോസ് ആഞ്ചലസ്: ഒരുമാസം മുമ്പ് അന്തരിച്ച ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറിയുടെ മരണ കാരണം 'കെറ്റാമൈനിന്‍റെ' അമിത ഉപയോഗമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഡിസംബർ 15 വെള്ളിയാഴ്ചയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. കെറ്റാമൈന്‍റെ അമിത ഉപയോഗം പിന്നീട് മരണത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് മെഡിക്കൽ എക്സാമിനർ പറയുന്നത്.

ഹാലുസിനേഷന്‍ ഇഫക്ട് കൊടുക്കുന്ന ശക്തമായ ലഹരി മരുന്നാണ് കെറ്റാമൈൻ. ഡോക്ടര്‍മാര്‍ ഇത് ചില സാഹചര്യങ്ങളിൽ അനസ്തെറ്റിക്കായി ഉപയോഗിക്കാറുണ്ട്. വിഷാദരോഗത്തിനും പെയിൻ കില്ലറായും കെറ്റാമൈന്‍ ഉപയോഗിക്കുന്നു. മരുന്നിന്‍റെ ഫലങ്ങളും മറ്റ് ഘടകങ്ങളും ചേർന്ന് അദ്ദേഹത്തിനു ബോധം നഷ്ടപ്പെടുകയും ഹോട്ട് ട്യൂബിൽ മുങ്ങി മരിക്കുകയുമായിരുന്നു എന്നാണ് റിപ്പോർ‌ട്ട് വിശദീകരിക്കുന്നത്.

തന്‍റെ വേദനയെ കുറയ്ക്കാനും വിഷാദാവസ്ഥയിൽ നിന്ന് മുക്തനാവാനും കെറ്റാമൈൻ ഒരു പരിധിവരെ സഹായിച്ചിരുന്നുവെന്നും എന്നാൽ ഇതിന്‍റെ അനന്തരഫലം തന്നെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അദ്ദേഹം തന്‍റെ പുസ്തകത്തിൽ കുറിച്ചിരുന്നു.

ഒക്ടോബര്‍ 29നാണ് മാത്യു പെറി ലോകത്തോട് വിട പറഞ്ഞത്. ഏറെ കാലമായി മദ്യത്തിനും ലഹരി വസ്തുക്കൾക്കും അടിമായായിരുന്നു മാത്യു പെറി. നിരവധി തവണ അദ്ദേഹം റിഹാബ് ക്ലിനിക്കുകളിൽ അഭയം തേടിയിട്ടുമുണ്ട്. 54 വയസായിരുന്നു. ലോസ് ആ‌ഞ്ചലസിലെ തന്‍റെ വീട്ടിലെ ബാത്ത് ടബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തിൽ പെറിയുടെ സഹായി വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സിന് 10 സീസണുകളുണ്ടായിരുന്നു. 'ചാന്‍ഡ്ലര്‍ ബിംഗ്' എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഷോകളിലൊന്നായി കണക്കാക്കുന്ന സീരീസുകളിലൊന്നായിരുന്നു ഫ്രണ്ട്സ് സീരീസ്. ഫ്രണ്ട്സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com