മെക്‌സിക്കോയില്‍ വീണ്ടും ഇടതുപക്ഷ പ്രസിഡന്‍റ്

Mexico has a left-wing president again Claudia Sheinbaum
മെക്‌സിക്കോയില്‍ വീണ്ടും ഇടതുപക്ഷ പ്രസിഡന്‍റ്

#അഡ്വ. ജി. സുഗുണന്‍

ധനസമൃദ്ധിയും നിത്യദാരിദ്ര്യവും പരിഷ്‌കാരവും ഒത്തുചേര്‍ന്ന പ്രാചീന സംസ്‌കാരത്തിന്‍റെ പാരമ്പര്യമുള്ള രാജ്യമാണ് മെക്‌സിക്കോ. യുഎസ്എ (വടക്ക്) കാലിഫോര്‍ണിയന്‍ ഗള്‍ഫ് (വടക്ക്- പടിഞ്ഞാറ്) ശാന്തസമുദ്രം (തെക്ക് -പടിഞ്ഞാറ്), ഗോട്ടിമാല, ബലീസ് (തെക്ക്) മെക്‌സിക്കന്‍ ഗള്‍ഫ് (കിഴക്ക്) എന്നിവയാണ് മെക്‌സിക്കോയുടെ അതിരുകള്‍. ഭൂമിയിലെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള രാജ്യമായി മെക്‌സിക്കോയെ കണക്കാക്കുന്നു. പ്രതിശീര്‍ഷ വരുമാനത്തില്‍ ലാറ്റിന്‍ അമെരിക്കന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണെങ്കിലും അവിടത്തെ സാമ്പത്തിക അസമത്വം വിഘടനവാദത്തിനും നിരന്തര കലാപങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

മെക്‌സിക്കന്‍ വിപ്ലവാനന്തരം ഇന്‍സ്റ്റിറ്റ്യൂഷണല്‍ റവല്യൂഷണറി പാര്‍ട്ടി അധികാരത്തിലെത്തി. 2000ല്‍ വിന്‍സ്റ്റണ്‍ ഫോക്‌സ് മെക്‌സിക്കോയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടിയുടെ 71 വര്‍ഷത്തെ ഏകകക്ഷി ഭരണം അവസാനിച്ചു. 2006ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫിലിപ്പെകാള്‍ദെറോം ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ട ജനകീയ അംഗീകാരമുള്ള ഒരു മെക്‌സിക്കന്‍ പ്രസിഡന്‍റ്. ഹോര്‍ഫിറിയോ ദിയസിന്‍റെ ഏകാധിപത്യഭരണത്തിനെതിരെ മെക്‌സിക്കന്‍ ജനത നടത്തിയ രക്തരൂക്ഷിതമായ സമരമാണ് മെക്‌സിക്കന്‍ വിപ്ലവം. 1910 മുതല്‍ 1921 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ 9 ലക്ഷത്തിലധികം ആളുകള്‍ മരിച്ചതായി കണക്കാക്കുന്നു.

1521 മുതല്‍ 300 വര്‍ഷം നീണ്ട സ്പാനിഷ് അധിനിവേശ കാലത്ത് മെക്‌സിക്കോയില്‍ രൂപമെടുത്ത പുതിയ വംശീയ വിഭാഗമാണ് മെസ്റ്റിസോകള്‍. സ്‌പെയിന്‍കാരും മെക്‌സിക്കോയിലെ തദ്ദേശീയരുമായുള്ള വിവാഹബന്ധത്തില്‍ നിന്നുണ്ടായ സങ്കര വിഭാഗമാണ് മെസ്റ്റിസോ ജനവിഭാഗം. തെക്കേ അമെരിക്കന്‍ രാജ്യങ്ങളില്‍ യൂറോപ്യന്മാരും തദ്ദേശവാസികളും ചേര്‍ന്നുണ്ടായ സങ്കരവിഭാഗത്തെ പൊതുവെ മെസ്റ്റിസോകള്‍ എന്നാണ് വിളിക്കാറ്. തെക്കേ അമെരിക്കന്‍ രാജ്യമായ പാരഗോയുടെ ജനസംഖ്യയില്‍ 95 ശതമാനവും ഈ വിഭാഗമാണ്. മെക്‌സിക്കോയില്‍ ഇത് 60 ശതമാനമാണ്.

വാനിലയുടെ ജന്മദേശമാണ് മെക്‌സിക്കോ. കൂടാതെ തക്കാളി, ചോളം, പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ് എന്നിവയുടെയും ജന്മദേശം മെക്‌സിക്കോ തന്നെയാണ്. ഒട്ടേറെ ധാതുക്കളാല്‍ സമ്പന്നമാണ് മെക്‌സിക്കോ. ചെമ്പ്, സ്വർണം, ലെഡ്, സള്‍ഫര്‍ എന്നിവയുടെ വന്‍ശേഖരം ഈ രാജ്യത്തുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളി ഉത്പാദിപ്പിക്കുന്ന രാജ്യവുമാണിത്.

ലാറ്റിന്‍ അമെരിക്കന്‍ മേഖലയിലെ ഒരു ജനാധിപത്യരാജ്യമായ മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മൊറേന സഖ്യ സ്ഥാനാർഥി ക്ലൗഡിയ ഷെയ്ന്‍ ബോം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 58.3 ശതമാനം വോട്ടുകള്‍ നേടിയാണ് ക്ലൗഡിയ അവിടെ പുതു ചരിത്രം സൃഷ്ടിച്ചത്. ആ രാജ്യത്തിന്‍റെ രണ്ട് പതിറ്റാണ്ടിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രധാന എതിരാളിയായ സോച്ചിറ്റിന്‍ ഗാല്‍വേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഈ സ്ഥാനാർഥിയും ഒരു വനിതയാണെന്നുള്ളതും എന്തുകൊണ്ടും പ്രാധാന്യമുള്ള ഒന്നാണ്. മോവിമിയന്‍റാ സിയുഡാഡാനോയുടെ സ്ഥാനാർഥി ജോര്‍ജ്ജ് അല്‍വാരസ് മെയ്‌നസ് 9.9 ശതമാനം വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്ത് എത്തി. എക്‌സിറ്റ് പോളുകളില്‍ ഉള്‍പ്പെടെ ക്ലൗഡിയയ്ക്ക് വമ്പിച്ച ഭൂരിപക്ഷം പ്രവചിച്ചിരുന്നു.

മൊറേന പാര്‍ട്ടി സ്ഥാപകനേതാവ് ആന്ദ്രേ ഒബ്‌റഡോറിന്‍റെ അടുത്ത അനുയായിയാണ് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ ക്ലൗകഡിയ ഷെയ്ന്‍ ബോം. ഒബ്‌റഡോറിന് ലഭിച്ചിരുന്ന പിന്തുണയും ക്ലൗഡിയയുടെ വിജയത്തെ സ്വാധീനിച്ചു. പ്രായമായവര്‍, മക്കള്‍ക്കൊപ്പം താമസിക്കുന്ന വിധവകള്‍ക്കുള്ള ധനസഹായം, ദരിദ്രമായ പ്രദേശങ്ങളില്‍ മുന്‍നിര അടിസ്ഥാനസൗകര്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒബ്‌റഡോറിന്‍റെ നയങ്ങള്‍ തുടരുമെന്ന് ഷെയ്ന്‍ ബോം പറഞ്ഞിരുന്നു.

മെക്‌സിക്കോയുടെ ആധുനിക ചരിത്രത്തിലെ അക്രമാസക്തമായ ഒരു തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്തണവത്തേത്. 30ലധികം സ്ഥാനാർഥികള്‍ കൊല്ലപ്പെടുകയും മയക്കു മരുന്ന്, ക്രിമിനല്‍ സംഘങ്ങളുടെ ഭീഷണിയെത്തുടര്‍ന്ന് നൂറുകണക്കിന് സ്ഥാനാർഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഫെനറ്റൈല്‍ മയക്കു മരുന്നുകള്‍ പ്രധാനമായും അമെരിക്കയിലേക്ക് എത്തുന്നത് മെക്‌സിക്കോയിലൂടെയാണെന്ന് പറയപ്പെടുന്നു. കൂടാതെ അമെരിക്കയിലേയ്ക്കുള്ള നിയമവിരുദ്ധ കുടിയേറ്റവും മെക്‌സിക്കോ അതിര്‍ത്തിയിലൂടെയാണ് നടക്കുന്നത്. ഇവ തടയാനുള്ള വലിയ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നതിനിടയിലാണ് ഷെയ്ന്‍ബോം അധികാരമേറ്റെടുക്കുന്നത്. വരുന്ന നവംബറില്‍ നടക്കുന്ന അമെരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിക്കുകയാണെങ്കില്‍ ഈ ചര്‍ച്ചകള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നാണ് മെക്‌സിക്കന്‍ ഉദ്യോഗസ്ഥരുടെ ആശങ്ക. മെക്‌സിക്കോയില്‍ നിർമിക്കുന്ന ചൈനീസ് കാറുകള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നും, മയക്ക്മരുന്ന് ലോബികളെ നേരിടാന്‍ പ്രത്യേക സേനയെ അണിനിരത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

മെക്‌സിക്കോ സിറ്റിയുടെ മുന്‍ മേയറാണ് 61കാരിയായ ക്ലോഡിയ ഷെയ്ന്‍ബോം. രാജ്യത്തെ തെരഞ്ഞെടുപ്പ് അഥോറിറ്റിയാണ് ക്ലോഡിയയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യ എതിരാളിയും ബിസിനസുകാരിയുമായ സൊചിതിന്‍ ഗാല്‍വേസിനേക്കാള്‍ 30 ശതമാനത്തിലധികം പോയിന്‍റാണ് ഇടതുപക്ഷപാര്‍ട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയോ നേടിയത്. വരുന്ന ഒക്‌ടോബര്‍ ഒന്നിന് നിലവിലുള്ള പ്രസിഡന്‍റ് ആന്ദ്രസ് സ്ഥാനമൊഴിയുകയും ക്ലോഡിയ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുകയും ചെയ്യും. എനര്‍ജി എൻജിനീയറിങ്ങില്‍ ഡോക്റ്ററേറ്റുള്ള ക്ലൗഡിയ പ്രമുഖയായ ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളില്‍ വളരെ വിദഗ്ധയുമാണ് ക്ലൗഡിയ.

പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ കൂടാതെ മെക്‌സിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള അംഗങ്ങള്‍, 8 സംസ്ഥാനങ്ങളിലെ ഗവർണര്‍മാര്‍, മെക്‌സിക്കോ സിറ്റി സര്‍ക്കാരിന്‍റെ തലവന്‍ ആയിരത്തോളം പ്രദേശിക ഭരണകര്‍ത്താക്കള്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മെക്‌സിക്കോ പ്രസിഡന്‍റിന് 6 വര്‍ഷമാണ് ഭരണകാലാവധി.

ക്ലൗഡിയാ ഷെയന്‍ബോം ജൂതപാരമ്പര്യമുള്ള കുടുംബാംഗമാണ്. മെക്‌സിക്കോയില്‍ ജൂതനേതൃത്വത്തെ സാധാണ അംഗീകരിക്കപ്പെടുന്നതല്ല. ഇടതുപക്ഷം ക്ലൗഡിയയ്ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നുള്ള പുതിയ പ്രസിഡന്‍റിന്‍റെ തീരുമാത്തെ ഇടതുപക്ഷം അടക്കം രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളാകെ സ്വാഗതം ചെയ്തിട്ടുണ്ട്.

യൂറോപ്പിലും, ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലും ഇപ്പോള്‍ വലതുപക്ഷവും, തീവ്ര വലതുപക്ഷവുമായ പാര്‍ട്ടികളുടെ നേതാക്കളാണ് ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന് വിരുദ്ധമായിട്ടാണ് മെക്‌സിക്കോ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഒരാള്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്ത് സാമ്പത്തിക സമത്വത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പരിപാടികള്‍ നടപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബന്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച പ്രസിഡന്‍റ് ക്ലൗഡിയാ ഷെയ്ന്‍ബോം ലോകത്തൊട്ടാകെയുള്ള ഇടതുപക്ഷക്കാരും പുരോഗമന ചിന്താഗതിക്കാരുമായ ജനതയ്ക്കാകെ വലിയ പ്രതീക്ഷ നല്‍കുന്ന ഒരു ഭരണാധികാരിയാണെന്നുള്ള കാര്യത്തില്‍ സംശയമില്ല (ലേഖകന്‍റെ ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.