
പാക്കിസ്ഥാനിൽ ട്രെയ്ൻ റാഞ്ചി120 പേരെ ബന്ദികളാക്കി ഭീകരർ; 6 സൈനികരെ വധിച്ചു
AI Image
ബോലൻ: പാക്കിസ്ഥാനിൽ ട്രെയ്ൻ റാഞ്ചി 120 യാത്രക്കാരെ ബന്ദിക്കളാക്കി ഭീകരർ. 6 സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി( ബിഎൽഎ) ആണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ബോലനിൽ നിന്ന് ജാഫർ എക്സ്പ്രസ് തീവണ്ടിയാണ് ഇവർ തട്ടിയെടുത്തത്. സൈനികനീക്കം നടത്തിയാൽ ബന്ദികളാക്കിയ യാത്രക്കാരെ കൊലപ്പെടുത്തുമെന്നാണ് ഭീകരരുടെ മുന്നറിയിപ്പ്.
റെയിൽവേ ട്രാക്കിൽ സ്ഫോടനമുണ്ടാക്കി ട്രെയിൻ നിർത്തിയതിനു ശേഷം ഭീകരർ പതിയെ ട്രെയിനിന്‍റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു. എൻജിൻ ഡ്രൈവറെ ആക്രമിച്ച് പരുക്കേൽപ്പിച്ചതായും ട്രെയ്നുള്ളിൽ കയറിയ ഭീകരർ വെടിവപ്പ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
400 യാത്രക്കാരുമായി ക്വെറ്റയിൽ നിന്ന് പെഷവാറിലേക്കു പോകുകയായിരുന്ന ട്രെയ്‌നാണ് ആക്രമിക്കപ്പെട്ടത്. ട്രെയ്‌നിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ബലൂച് പ്രദേശവാസികളെയും മുക്തരാക്കിയെന്നും പാക് സൈന്യം, പൊലീസ്, ആന്‍റി ടെററിസം ഫോഴ്സ് , ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് തുടങ്ങി സേനയുടെ ഭാഗമായിട്ടുള്ളവരെ മാത്രമാണ് ബന്ദികളാക്കിയിരിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.