

ഫാത്തിമ ബോഷ്
ബാങ്കോക്ക്: മെക്‌സിക്കോയുടെ ഫാത്തിമ ബോഷിന് 2025 മിസ് യൂണിവേഴ്‌സ് കിരീടം. വ്യാഴാഴ്ച ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ വീണ പ്രവീനാര്‍ സിങ് ഒന്നാം റണ്ണറപ്പായി. വെനസ്വേലയുടെ സ്റ്റെഫാനി അഡ്രിയാന അബാസാലി രണ്ടാം റണ്ണറപ്പുമായി. ഇന്ത്യയുടെ മനിക വിശ്വകർമയ്ക്ക് ആദ്യ 12 സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചില്ല.
ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ പഠിച്ച ബോഷ് പിന്നീട് ഇറ്റലിയിലേക്ക് താമസം മാറി. 2018ല്‍ മെക്‌സിക്കോയിലെ ടബാസ്‌കോയില്‍ ഫ്‌ളോര്‍ ഡി ഓറോ കിരീടം നേടിയതോടെയാണ് ബോഷിന്‍റെ ലോക സൗന്ദര്യപ്പട്ടത്തിനായുള്ള യാത്ര ആരംഭിച്ചത്.
തായ്‌ലന്‍ഡില്‍ നടന്ന 74ാം സൗന്ദര്യമത്സരത്തില്‍ 120 പേര്‍ പങ്കെടുത്തിരുന്നു. ഇവരില്‍നിന്നാണ് 25കാരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് കിരീടമണിഞ്ഞത്. ബോഷിന്‍റെ വിജയത്തോടെ ആഗോള സൗന്ദര്യ മത്സരവേദിയില്‍ മെക്‌സിക്കോ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ മിസ് യൂണിവേഴ്‌സ് മെക്‌സിക്കോ കിരീടം ബോഷ് നേടിയിരുന്നു. മെക്‌സിക്കോയിലെ ടബാസ്‌കോയിലെ വില്ലഹെര്‍മോസ സ്വദേശിയായ ബോഷ് മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. ആറ് വയസ്സുള്ളപ്പോള്‍ ബോഷിന് ഡിസ്ലെക്‌സിയ, എഡിഎച്ച്ഡി, ഹൈര്‍ ആക്റ്റിവിറ്റി ബാധിച്ചിരുന്നു. ബാല്യകാലത്തെ ഈ പ്രതിസന്ധികളാണ് തന്നെ കൂടുതല്‍ പ്രതിരോധശേഷിയുള്ളവളാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബോഷ് പറയാറുണ്ട്.
ഈ മാസം ആദ്യം മിസ് യൂണിവേഴ്‌സ് മത്സരത്തിനു മുന്നോടിയായി നടന്ന ഒരു ചടങ്ങില്‍, തായ്‌ലന്‍ഡ് മാധ്യമ ഉടമയും മിസ് യൂണിവേഴ്‌സ് സംഘാടകനുമായ നവത് ഇറ്റ്‌സരഗ്രാസില്‍, ഡസന്‍കണക്കിനു മത്സരാര്‍ഥികള്‍ക്കു മുന്നില്‍ വച്ച് ബോഷുമായി വാക്‌പോരിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ നവത്, ബോഷിനെ ' ഡമ്മി ' എന്നും വിളിച്ചിരുന്നു. എന്നാല്‍ ഇതിന് തക്കതായ മറുപടി നല്‍കി. പിന്നീട് സംഭവത്തില്‍ നവത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ബോഷിന് സമ്മാനത്തുകയായി ലഭിക്കുന്നത് 2 കോടിയിലധികം രൂപ. 44 ലക്ഷം രൂപ ശമ്പളവും ആനുകൂല്യങ്ങളുമായും ലഭിക്കും. 2025 നവംബര്‍ മാസത്തിലെ കണക്കനുസരിച്ച്, ഫാത്തിമ ബോഷിന്‍റെ ആസ്തി 8.86 കോടി രൂപയ്ക്കും 44.34 കോടി രൂപയ്ക്കും ഇടയിലാണെന്നു (1 ദശലക്ഷം ഡോളറിനും 5 ദശലക്ഷം ഡോളറിനും) കണക്കാക്കപ്പെടുന്നു. ബോഷ് മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടതോടെ അവരുടെ ബ്രാന്‍ഡ് മൂല്യം ഉയരും. വരുമാന സാധ്യതയും വര്‍ധിക്കും. കിരീടധാരണത്തിനു ശേഷം ബോഷിന്‍റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണം 2.1 ദശലക്ഷമായി (20.10 ലക്ഷം) ഉയര്‍ന്നു.