
അമെരിക്കയിൽ വെടിവയ്പ്പ് 4 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്
representative image of police- pixabay
മിസിസിപ്പി: യുഎസ് സംസ്ഥാനമായ മിസിസിപ്പിയില്‍ വെള്ളിയാഴ്ച രാത്രി ഒരു ഫുട്‌ബോള്‍ മത്സരത്തിന് തൊട്ടുപിന്നാലെ നടന്ന കൂട്ട വെടിവയ്പ്പില്‍ കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മിസിസിപ്പിയുടെ തലസ്ഥാനമായ ജാക്സണില്‍ നിന്ന് ഏകദേശം 120 മൈല്‍ (190 കിലോമീറ്റര്‍) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലെലാന്‍ഡ് എന്ന ചെറിയ നഗരത്തിലാണ് സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റ നാലുപേരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് ഹെലികോപ്റ്റര്‍ വഴി മാറ്റിയതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി മിസിസിപ്പിയിലെ അധികാരികള്‍ 18 വയസുള്ള ആളെ തിരയുന്നതായാണ് അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.