മക്ക പ്രതിരോധ കരാർ തികച്ചും പ്രതിരോധപരം മാത്രം

അത് മറ്റൊരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും പാക്കിസ്ഥാൻ
 Ishaq Dar says Mecca Joint Defense Agreement is not aimed at any country

മക്ക സംയുക്ത പ്രതിരോധ കരാർ ഒരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്ന്  ഇഷാഖ് ദാർ

Updated on

ഇസ്ലാമബാദ്: പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പു വച്ച മക്ക സംയുക്ത പ്രതിരോധ കരാർ തികച്ചും പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഒരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ. സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ പങ്കു വച്ച പ്രസ്താവനയിലാണ് കരാറിന്‍റെ ലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്.

മേഖലയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഇഷാഖ് ദാർ വ്യക്തമാക്കി. വെള്ളിയാഴ്ച മക്കയിൽ വച്ചാണ് മൂന്നു രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പു വച്ചത്.

കരാർ പ്രകാരം സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്നു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. അതേസമയം മേഖലയിൽ സമാധാനപരമായ സഹവർത്തിത്വത്തിന്‍റെ തത്വങ്ങൾ അംഗീകരിക്കുകയും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകുകയും ചെയ്യുന്ന മറ്റു പ്രാദേശിക രാജ്യങ്ങൾക്കും കരാറിൽ ചേരാമെന്ന് ഇഷാഖ് ദാർ പറഞ്ഞു.

ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം അംഗീകരിക്കപ്പെട്ട വ്യക്തിഗതവും കൂട്ടായതുമായ ആത്മ പ്രതിരോധ അവകാശത്തിന്‍റെ അടിസ്ഥാനത്തിലാണ് കരാർ പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരേ പുറത്തു നിന്നുള്ള സായുധ ആക്രമണമുണ്ടായാൽ അത് മുഴുവൻ സഖ്യത്തിനും എതിരായ ആക്രമണമായി കണക്കാക്കുമെന്നും ദാർ കൂട്ടിച്ചേർത്തു.

അതേസമയം മക്ക കരാർ നിലവിലുള്ള ഉഭയകക്ഷി, ബഹുമുഖ പ്രതിരോധ കരാറുകളെയോ മറ്റു രാജ്യങ്ങളുമായുള്ള പാക്കിസ്ഥാന്‍റെ ബന്ധങ്ങളെയോ ബാധിക്കില്ലെന്നും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യില്ലെന്നും ദാർ പറഞ്ഞു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് കരാറിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com