
മാർക്ക് കാർണിക്ക് അഭിനന്ദനവുമായി മോദി
ന്യൂഡൽഹി/വാഷിങ്ടൺ: കനേഡിയൻ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മോദി. ക്യാനഡയിൽ വിജയം കരസ്ഥമാക്കിയ മാർക്ക് കാർണിക്കും ലിബറൽ പാർട്ടിക്കും അഭിനന്ദനങ്ങൾ അറിയിച്ച് മോദി സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. അതോടൊപ്പമാണ് മുൻ അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അഭിനന്ദനങ്ങൾ മാർക്ക് കാർണിയെ തേടി സാമൂഹിക മാധ്യമമായ സേയിൽ പ്രത്യക്ഷപ്പെട്ടത്.
ജനാധിപത്യ മൂല്യങ്ങൾ, നിയമ വാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ജനങ്ങൾ തമ്മിലുള്ള ഊർജസ്വലമായ ബന്ധം എന്നീ കാര്യങ്ങളിൽ അടക്കം ഇന്ത്യയും ക്യാനഡയും തമ്മിൽ ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും കാർണിയുമായി ഒന്നിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നും മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ക്യനേഡിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ ലിബറൽ പാർട്ടിയെയും പ്രധാനമന്ത്രി മാർക്ക് കാർണിയെയും അഭിനന്ദിച്ചതോടൊപ്പം അമെരിക്കൻ ജനതയും ക്യനേഡിയൻ പൗരന്മാരും പരസ്പരം പങ്കിടുന്ന അടിസ്ഥാന മൂല്യങ്ങളും താൽപര്യങ്ങളും പിന്തുണയ്ക്കുന്നതിൽ മാർക്ക് ഒരു കരുത്തുറ്റ നേതാവായിരിക്കുമെന്നു തനിക്ക് ഉറപ്പുണ്ടെന്നുമായിരുന്നു സേ സോഷ്യൽ മീഡിയയിൽ ബൈഡന്‍റെ കുറിപ്പ്.
ക്യാനഡയ്ക്കും കാർണിക്കുമെതിരെ പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാടിൽ നിന്നും ഘടക വിരുദ്ധമായ നിലപാടാണ് എന്നും ബൈഡന്‍റേത്.
ക്യാനഡയിൽ ലിബറൽ പാർട്ടി പരാജയപ്പെടുമെന്നും കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നുമായിരുന്നു ആദ്യകാല നിരീക്ഷണം. എന്നാൽ ട്രംപ് വീണ്ടും അമെരിക്കയിൽ അധികാരത്തിൽ തിരിച്ചെത്തുകയും ക്യാനഡയുടെ പരമാധികാരത്തെയും സമ്പദ് വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ ഗതി മാറിയൊഴുകി. ട്രംപിന്‍റെ തീവ്ര പ്രതികരണങ്ങൾ കനേഡിയൻ ജനതയെ പ്രകോപിപ്പിച്ചു. ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു.