യുഎസ് തീരുവ പ്രഖ്യാപിച്ചപ്പോൾ പുടിനോട് മോദി വിശദീകരണം തേടിയെന്ന് നാറ്റോ

നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ | റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

MV Graphics

''പുടിനോട് മോദി വിശദീകരണം തേടി'', യുഎസ് തീരുവ ഫലപ്രദമെന്ന് നാറ്റോ

ഇന്ത്യക്കു മേൽ യുഎസ് അധിക തീരുവ ചുമത്തിയതിനു പിന്നാലെ, യുക്രെയ്നിലെ ഭാവി പദ്ധതികൾ വിശദീകരിക്കാൻ വ്ളാദിമിർ പുടിനോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് നാറ്റോ മേധാവി
Summary

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റ് തീരുവ യുദ്ധത്തിന് പരസ്യ പിന്തുണയുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനെ ചർച്ചയ്ക്കു സന്നദ്ധനാക്കാൻ ട്രംപ് ശ്രമം തുടരുകയാണെന്നും റുട്ടെ അവകാശപ്പെട്ടു.

ഇന്ത്യക്കു മേൽ യുഎസ് പുതിയ തീരുവകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ടെലിഫോണിൽ ബന്ധപ്പെട്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. യുക്രെയ്ൻ യുദ്ധത്തിലെ റഷ്യയുടെ ഭാവി പദ്ധതികൾ വിശദീകരിക്കാൻ പുടിനോട് മോദി ആവശ്യപ്പെട്ടെന്നാണ് റുട്ടെ അവകാശപ്പെടുന്നത്.

അമെരിക്ക ഇന്ത്യക്കു മേൽ ചുമത്തിയ തീരുവകൾ റഷ്യയുടെ യുദ്ധനീക്കങ്ങളെ പരോക്ഷമായി ബാധിച്ചു കഴിഞ്ഞെന്നും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ റുട്ടെ വിലയിരുത്തി. പുടിനെ ചർച്ചാമേശയിലേക്ക് കൊണ്ടുവരാൻ ട്രംപ് ശ്രമിക്കുന്നുണ്ടെന്നും റുട്ടെ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള വിട്ടുവീഴ്ചകൾക്കു പുടിൻ തയാറാകാത്തതാണ് പ്രശ്നപരിഹാരത്തിനു തടസമെന്നും നെതർലൻഡ്സിന്‍റെ മുൻ പ്രധാനമന്ത്രി കൂടിയായ റുട്ടെ.

ഡോണൾഡ് ട്രംപിന്‍റെ സമ്മർദ തന്ത്രങ്ങൾ ക്രെംലിനെ (റഷ്യൻ പ്രതിരോധ ആസ്ഥാനം) ഉലയ്ക്കുന്നുണ്ട്. യു.എസ്. ചുമത്തിയ ഈ 50% തീരുവ കാരണം ഇന്ത്യ ബുദ്ധിമുട്ടിലായി. അതോടെ ഡൽഹി മോസ്കോയുമായി ഫോണിൽ ആശയവിനിമയം നടത്തുന്നുണ്ട്. (ഇന്ത്യൻ പ്രധാനമന്ത്രി) നരേന്ദ്ര മോദി പുടിനോട് ചോദിക്കുന്നു, ''ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ, യുഎസ് തീരുവ എന്നെ ബാധിച്ചതിനാൽ നിങ്ങളുടെ ഭാവി തന്ത്രം ഒന്നു വിശദീകരിക്കാമോ?''

മാർക്ക് റുട്ടെ, നാറ്റോ മേധാവി

തീരുവയ്ക്കു പിന്നിൽ

റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങി സംസ്കരിച്ച് മറ്റു രാജ്യങ്ങൾക്കു പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുകയാണ് ഇന്ത്യൻ പെട്രോളിയം കമ്പനികൾ ചെയ്യുന്നത്. ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്നിലെ യുദ്ധത്തിനു ധനസഹായം നൽകുന്നതിനു തുല്യമാണെന്നാണ് ട്രംപിന്‍റെ ആരോപണം. എന്നാൽ, ചൈനയ്ക്കു മേൽ അധിക തീരുവ ഏർപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും റഷ്യയിൽ നിന്നു പരോക്ഷമായി എണ്ണ വാങ്ങുന്നതായി ഇതിനിടെ വ്യക്തമാകുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ നിലപാട്

മാർക്ക് റുട്ടെയുടെ പ്രസ്താവനകളോട് ഇന്ത്യയോ റഷ്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com