മുഹമ്മദ് സിൻവാറും കൊല്ലപ്പെട്ടു; ഹമാസിന് വീണ്ടും തിരിച്ചടി

ഗാസയിൽ 103 മരണം.
Mohammed Sinwar also killed; Hamas suffers another setback

മുഹമ്മദ് സിൻവാറും കൊല്ലപ്പെട്ടു; ഹമാസിന് വീണ്ടും തിരിച്ചടി

Updated on

ദേർ അൽ ബല: ഹമാസിന്‍റെ മുതിർന്ന കമാൻഡറും ഗാസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഗാസയിൽ കഴിഞ്ഞയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായാണു കരുതുന്നതെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. മൃതദേഹം ഖാൻ യൂനിസിലെ തുരങ്കത്തിൽ നിന്നു കണ്ടെടുത്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെയാണ് ഹമാസിന് കനത്ത തിരിച്ചടിയേറ്റെന്ന സൂചന. കഴിഞ്ഞ ഒക്റ്റോബറിൽ ഇസ്രേലി സേന വധിച്ച ഹമാസ് കമാൻഡർ യഹിയ സിൻവാറിന്‍റെ ഇളയ സഹോദരനാണ് മുഹമ്മദ്. 2023 ഒക്റ്റോബർ ഏഴിന് ഇസ്രയേലിൽ 1200ലേറെ പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്‍റെ ആസൂത്രകനായിരുന്നു യഹിയ സിൻവാർ. ഇതേത്തുടർന്നാണ് ഇസ്രയേൽ ഗാസയിൽ സൈനിക നടപടി തുടങ്ങിയത്.

ഗാസ മുനമ്പിൽ ഞായറാഴ്ചയും ഇസ്രേലി വ്യോമാക്രമണം തുടരുകയാണ്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി നടത്തിയ വ്യോമാക്രമണണങ്ങളിൽ 103 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിലാണു സിൻവർ കൊല്ലപ്പെട്ടതെന്നു കരുതുന്നു. റഫയിലെ ഹമാസ് നേതാവായ മുഹമ്മദ് ഷബാനയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സൂചനകളുണ്ട്.

ഗാസയിലെ യൂറോപ്യന്‍ ഹോസ്പിറ്റൽ താവളമാക്കി പ്രവർത്തിക്കുകയായിരുന്നു മുഹമ്മദ് സിൻവാർ. ഇതേക്കുറിച്ചു വിവരം ലഭിച്ച ഇസ്രയേൽ ചൊവ്വാഴ്ച മുതൽ ഇവിടെ ആക്രമണം കടുപ്പിച്ചിരുന്നു.

മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ ജൂലൈയിലാണ് ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ ചുമതല മുഹമ്മദ് സിന്‍വാര്‍ ഏറ്റെടുത്തത്. ഇപ്പോഴും ഹമാസിന്‍റെ തടവിലുള്ള 51 ബന്ദികളെ വിട്ടയ്ക്കാതെ സമാധാനശ്രമങ്ങള്‍ തടസപ്പെടുത്തിയത് ഇയാളാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com