

വെടിനിർത്തലിന് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് യുഎസ് ഉറപ്പു നൽകിയതായി ലെബനൻ പ്രസിഡന്‍റ്
വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായും സുപ്രധാന ചർച്ചകൾ നടത്തി ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ.
ലെബനൻ സർക്കാരിനും രാജ്യത്തിന്‍റെ എല്ലാ അതിർത്തികൾക്കുള്ളിലും ദേശീയ പരമാധികാരം കൂടുതൽ ശക്തമാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്കും അമെരിക്കയുടെ പൂർണ പിന്തുണ ഇരു നേതാക്കളും ഉറപ്പു നൽകിയതായി പ്രസിഡന്‍റ് ഔണിന്‍റെ ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ലെബനൻ ഈ വിവരം പുറത്തു വിട്ടത്. സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകൾ കൃത്യമായി നടപ്പിലാക്കുന്നതായി ഉറപ്പാക്കാൻ യുഎസ് മുൻകൈ എടുക്കണമെന്ന് ചർച്ചയിൽ ലെബനൻ ആവശ്യപ്പെട്ടു.
ഇതിന്‍റെ ഭാഗമായി ലെബനനിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പിലാക്കുന്നതിനായി അമെരിക്ക, ലെബനൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സംയുക്ത നിരീക്ഷണ സമിതി രൂപീകരിക്കുന്നിനെക്കുറിച്ചുള്ള കാര്യങ്ങളും നേതാക്കൾ പങ്കു വച്ചു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതാണ് ഈ ഉന്നത തല ചർച്ചകൾ.