മിസ്റ്റർ സിങ് പോസ്റ്റ് വിവാദം; അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു

സുരക്ഷാ കാരണങ്ങളാൽ ഡ്രൈവറുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല
Sikh driver stabbed 17 times in the US

അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു

Updated on

വാഷിങ്ടൺ: അമെരിക്കയിൽ സിഖ് ട്രക്ക് ഡ്രൈവർക്ക് നേരെ ആക്രമണം. തെക്കൻ വയോമിങ്ങിലെ വിശ്രമകേന്ദ്രത്തിലെ ശുചിമുറിയിൽ വച്ചാണ് ഡ്രൈവറെ 17 തവണ കുത്തിയത്. ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈകളിലും നെഞ്ചിലും വാരിയെല്ലിനും അടക്കം കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. സുരക്ഷാ കാരണങ്ങളാൽ ഡ്രൈവറുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

പെൻസിൽവാനിയയിലേക്കുള്ള യാത്രയ്ക്കിടെ തെക്കൻ വയോമിങ്ങിലെ ബിറ്റർ ക്രീക്ക് റെസ്റ്റ് ഏരിയയിൽ ഞായറാഴ്ച പുലർച്ചെയാണ് വിശ്രമിക്കാനായി നിർത്തിയത്. ഇവിടെ വച്ച് ആൻഡ്രൂ ക്രിസ് ബ്സ്ഡാക് എന്നയാളാണ് കുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ ഡ്രൈവറെ വിമാനമാർഗമാണ് കാസ്പറിലെ വയോമിങ് മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയത്.

പ്രതിക്കെതിരേ ഒന്നാം ഡിഗ്രി കൊലപാതകശ്രമമാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

സിഖ് ട്രക്ക് ഡ്രൈവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി നടുക്കം രേഖപ്പെടുത്തി. സിഖ്, ദക്ഷിണേഷ്യൻ വംശജരായ അമെരിക്കക്കാർക്കെതിരായ വിദ്വേഷം വർധിക്കുന്നതിനിടെയാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.

സിഖ് ട്രക്ക് ഡ്രൈവറുടെ കാരിക്കേച്ചർ ഉൾപ്പെടുത്തി ‘ഞങ്ങളുടെ റോഡുകളിൽ നിന്ന് ഒഴിഞ്ഞുപോകുക’, ‘സ്വയം നാടുകടത്തുക, അല്ലെങ്കിൽ പ്രത്യാഘാതം നേരിടുക’ എന്ന തരത്തിലുള്ള പോസ്റ്റർ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ആഭ്യന്തര സുരക്ഷാ വകുപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ പോസ്റ്റർ ഏറെ വിവാദമാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സിഖ് ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com