മഡുറോയുമായി രഹസ്യ ഫോൺ സംഭാഷണം നടത്തിയതായി ട്രംപ്

ട്രംപിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.
Trump had secret phone conversation with Maduro

മഡുറോയുമായി രഹസ്യ ഫോൺ സംഭാഷണം നടത്തി: ട്രംപ്

file photo

Updated on

വാഷിങ്ടൺ: അമെരിക്കയും വെനിസ്വേലയും തമ്മിലുള്ള അഭിപ്രായഭിന്നത അതിന്‍റെ മൂർധന്യാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ വെനിസ്വേലിയൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയുമായി ഫോണിൽ രഹസ്യ സംഭാഷണം നടത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ഫോൺ വിളിയിൽ ഗുണമുണ്ടായോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല എന്നും ഒരു ഫോൺ കോൾ ഉണ്ടായി എന്നതു മാത്രമാണ് ശരിയെന്നും ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ട്രംപ്-മഡുറോ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയുടെ ഭാഗമായുള്ള ഫോൺ വിളിയെന്നാണ് ന്യൂയോർക്ക് ടൈംസ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. മഡുറോയ്ക്ക് സുരക്ഷിതമായി രാജ്യത്തു നിന്നു പലായനം ചെയ്യുന്നത് ഉൾപ്പടെയുള്ള സഹായം മുന്നോട്ടു വച്ചതായി ചില റിപ്പബ്ലിക്കൻ സെനറ്റർമാർ അവകാശപ്പെടുന്നുണ്ട്. ഇതിനിടെ അമെരിക്ക വെനിസ്വേലയെ ആക്രമിക്കാനുള്ള നീക്കം സജീവമാക്കിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

കരീബിയൻ സമുദ്രത്തിൽ അമെരിക്കൻ സേനാ വിന്യാസം വർധിപ്പിച്ചതും വെനിസ്വേലൻ ആകാശപാത അടച്ചതും എല്ലാം ഇതിന്‍റെ ഭാഗമാണെന്നാണ് വിദഗ്ധ നിരീക്ഷണം. അമെരിക്ക-വെനിസ്വേല ബന്ധം കൂടുതൽ വഷളാകുന്നതിനിടെ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വെനിസ്വേല.

അമെരിക്കൻ ആക്രമണം ചെറുക്കണമെന്ന് ആവശ്യപ്പെട്ട് മഡുറോ ഒപെക്കിന് കത്ത് എഴുതിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങൾ കൈവശപ്പെടുത്താനാണ് അമെരിക്കയുടെ നീക്കമെന്നും സൈനിക ശക്തി ഉപയോഗിച്ചാണ് അവർ ഈ നീക്കം നടത്തുന്നതെന്നും തന്‍റെ കത്തിൽ മഡുറോ ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com