ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം മുഹമ്മദ് യൂനുസ്: ഷെയ്ഖ് ഹസീന

ന്യൂയോർക്കിൽ നടക്കുന്ന അവാമി ലീഗ് സമ്മേളനത്തെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു ഷെയ്ഖ് ഹസീന
Muhammad Yunus was the mastermind behind the attacks: Sheikh Hasina
ഷെയ്ഖ് ഹസീന
Updated on

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ഇടക്കാല ഭരണകൂടത്തിന്‍റെ തലവൻ മുഹമ്മദ് യൂനുസ് ആണെന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിദ്യാർഥികളുടെ സഹായത്തോടെ ആസൂത്രിതമായി നടപ്പാക്കിയ കൂട്ടക്കൊലയ്ക്കു പിന്നിൽ യൂനുസാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന അവാമി ലീഗ് സമ്മേളനത്തെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് വിദ്യാർഥി പ്രക്ഷോഭമെന്ന പേരിൽ നടന്ന കലാപത്തെത്തുടർന്ന് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. പിന്നീട് സമാധാന നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേ വ്യാപക ആക്രമണമുണ്ടാകുകയായിരുന്നു.

ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തു. ഇതിനെതിരേ പ്രതിഷേധിച്ച ഇസ്കോൺ മുൻ സന്ന്യാസി ചിന്മയി കൃഷ്ണദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു മുഹമ്മദ് യൂനുസിനെതിരേ ഷെയ്ഖ് ഹസീന തുറന്നടിച്ചത്.

'ഞാൻ കൂട്ടക്കൊല നടത്തിയെന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ മുഹമ്മദ് യൂനുസാണ് വിദ്യാർഥി കോഓർഡിനേറ്റർമാരുടെ സഹായത്തോടെ കൂട്ടക്കൊല ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഞാൻ രാജ്യം വിട്ടില്ലായിരുന്നെങ്കിൽ കൂട്ടക്കൊലയുടെ വ്യാപ്തി വലുതാകുമായിരുന്നു.

എനിക്ക് അധികാരം ആവശ്യമില്ല. എന്‍റെ കാവൽസേന വെടിയുതിർത്തിരുന്നെങ്കിൽ ഗണഭവനിൽ നിരവധി പേർ മരിച്ചുവീഴുമായിരുന്നു. ഞാൻ അത് ആഗ്രഹിക്കുന്നില്ല'- ഷെയ്ഖ് ഹസീന പറഞ്ഞു. തന്‍റെ അച്ഛൻ ഷെയ്ഖ് മുജിബുർ റഹ്മാനെ കൊലപ്പെടുത്തിയതുപോലെ തന്നെയും കൊല്ലാനായിരുന്നു അവരുടെ പദ്ധതിയെന്നും ഹസീന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com