ധാക്ക: കലാപവും രാഷ്‌ട്രീയ അനിശ്ചിതത്വവും തുടരുന്ന ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും. സൈന്യത്തിന്‍റെ പൂർണ പിന്തുണയോടെയാണ് യൂനുസിന്‍റെ നേതൃത്വത്തിൽ പതിനഞ്ചംഗ മന്ത്രിസഭ രൂപീകരിക്കുന്നത്. രാത്രി എട്ടിന് സത്യപ്രതിജ്ഞയുണ്ടായേക്കും.
പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ, എൺപത്തിനാലുകാരൻ യൂനുസിനെ ഇടക്കാല സർക്കാരിന്‍റെ മേധാവിയായി നിയമിച്ചെന്നു കരസേനാ മേധാവി ജനറൽ വഖാർ ഉസ് സമാൻ അറിയിച്ചു. യൂനുസ് ബംഗ്ലാദേശിനെ ജനാധിപത്യ പ്രക്രിയയിലേക്കു നയിക്കുമെന്നും അദ്ദേഹം അതിനു തയാറെടുത്തെന്നും കരസേനാ മേധാവി. ബംഗ്ലാദേശിനെ സംഘർഷങ്ങളിൽ നിന്നു നേർവഴിയിലേക്കെത്തിക്കാനുള്ള മാർഗങ്ങൾ തേടുമെന്നു പാരിസിൽ നിന്നു വിമാനം കയറും മുൻപ് യൂനുസ് പറഞ്ഞു.
ബംഗ്ലാദേശിൽ മൈക്രോഫിനാൻസിന്‍റെ സ്ഥാപകനാണു യൂനുസ്. ഇദ്ദേഹം പുതിയ ഭരണകൂടത്തിന്‍റെ മുഖ്യ ഉപദേഷ്ടാവായിരിക്കുമെന്നാണു ഷെയ്ഖ് ഹസീനയുടെ രാജിക്കും പലായനത്തിനും ഇടയാക്കിയ പ്രക്ഷോഭത്തിന്‍റെ നേതാക്കളിൽ പ്രമുഖൻ നഹീദ് ഇസ്‌ലാമിന്‍റെ പ്രഖ്യാപനം.
അതേസമയം, ഷെയ്ഖ് ഹസീനയെ പുറത്താക്കി പുതിയ ഭരണം സ്ഥാപിക്കുന്നതിൽ സൈന്യത്തിന്‍റെ ഇടപെടലും വ്യക്തമായി. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ നേരിടാൻ ഹസീന പ്രഖ്യാപിച്ച നിരോധനാജ്ഞ നടപ്പാക്കാൻ സൈന്യം വിസമ്മതിച്ചെന്നു മുതിർന്ന സേനാ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തി. ഹസീനയുടെ നിർദേശം പാലിക്കേണ്ടതില്ലെന്നു സേനാ മേധാവി നിർദേശം നൽകിയതായാണു റിപ്പോർട്ട്.