

പാക് കശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമെന്നു കാണിച്ച് യുഎസ്ടിആര്‍പുറത്തിറക്കിയ ഭൂപടം
credit: USTR
വാഷിങ്ടൺ: ഇന്ത്യയും അമെരിക്കയും തമ്മിൽ വ്യാപാര കരാർ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ അമെരിക്ക പുറത്തു വിട്ട പാക് അധിനിവേശ കശ്മീർ ഉൾപ്പെട്ട ഇന്ത്യൻ ഭൂപടം ദിവസങ്ങൾക്കുള്ളിൽ പിൻവലിച്ചു.
പാക് അധിനിവേശ കശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമെന്നു കാണിച്ച് അമെരിക്കൻ വ്യാപാര പ്രതിനിധിയുടെ ഓഫീസ് (യുഎസ്ടിആര്‍)പുറത്തിറക്കിയ ഭൂപടമാണ് പിൻവലിച്ചത്. ഭൂപടം പ്രസിദ്ധീകരിച്ച അമെരിക്കൻ നിലപാട് അതിർത്തി വിഷയത്തിൽ മുൻ നിലപാടിൽ നിന്നുള്ള വലിയ മാറ്റമെന്നായിരുന്നു വിദഗ്ധ നിരീക്ഷണം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അമെരിക്ക ഈ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു.
അമെരിക്ക ഉപയോഗിച്ച് വന്നിരുന്ന ഭൂപടങ്ങളിൽ സാധാരണയായി പാക് അധിനിവേശ കശ്മീരിനെ പ്രത്യേകമായാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ കഴിഞ്ഞ ആഴ്ച പുറത്തു വിട്ട ഭൂപടത്തിൽ തർക്ക പ്രദേശങ്ങളെയെല്ലാം ഇന്ത്യൻ അതിർത്തിക്കുള്ളിലായിട്ടാണ് കാണിച്ചിരുന്നത്.
ഇത് ഉഭയകക്ഷി ബന്ധങ്ങളിലെ വൻ മാറ്റമാണോ എന്ന ചോദ്യം ശക്തമായി ഉയർന്നിരുന്നു.ഇതിനിടെയാണ് ഒടുവിൽ യുഎസ് ട്രേഡ് പ്രതിനിധിയുടെ ഓഫീസ് തങ്ങളുടെ എക്സ് അക്കൗണ്ടിൽ നിന്ന് ഭൂപട പോസ്റ്റ് പൂർണമായും നീക്കം ചെയ്തത്. ഇന്ത്യയ്ക്കെതിരെയുള്ള തീരുവ 18 ശതമാനമായി കുറച്ചു കൊണ്ടുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലൊരു ഭൂപടം പോസ്റ്റ് ചെയ്തതും വ്യാപകമായ ചര്‍ച്ചകള്‍ നടന്നതും.