
മ്യാൻമാർ - തായ്‌ലൻഡ് ഭൂകമ്പം: മരണ സംഖ്യ പതിനായിരം കവിയാൻ സാധ്യത
സഗൈങ്: മ്യാൻമാർ - തായ്‌ലൻഡ് ഭൂകമ്പത്തിൽ മരണ സംഖ്യ 10,000 കടന്നേക്കുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ. മ്യാൻമാറിൽ മാത്രം 1002 പേർ മരിക്കുകയും 2376 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൈനിക ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു.
അയൽരാജ്യമായ തായ്‌ലൻഡിലുണ്ടായ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിന് സമീപത്തെ ബഹുനില കെട്ടിടം തകർന്നാണ് മരണം. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
സഗൈങ് നഗരത്തിന്‍റെ വടക്കു പടിഞ്ഞാറൻ പ്രദേശത്തുണ്ടായ 7.7 തീവ്രതയിലുള്ള ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നിരിക്കുന്നത്. ദുരന്ത ബാധിത പ്രദേശത്തേക്ക് ഇന്ത്യയിൽ നിന്ന് ഭക്ഷണ വസ്തുക്കൾ അടക്കം 15 ടൺ അവശ്യ വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. ടെന്‍റുകൾ, ജനറേറ്ററുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തായ്‌ലൻഡിന്‍റെ പല ഭാഗങ്ങളിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രൊ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചു.