

മോദി പുടിൻ സൗഹൃദം
file photo
വാഷിങ്ടൺ: അമെരിക്കയുടെ നയങ്ങൾ ഇന്ത്യയെ റഷ്യയോട് കൂടുതൽ അടുപ്പിക്കുന്നു എന്ന മുന്നറിയിപ്പുമായി അമെരിക്കൻ കോൺഗ്രസ് വനിതാ അംഗം സിഡ്നി കംലാഗർ ഡോവ്. ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് കാറിൽ യാത്ര ചെയ്തപ്പോൾ എടുത്ത സെൽഫി ചിത്രം ചൂണ്ടിക്കാട്ടിയാണ് സിഡ്നി ആഞ്ഞടിച്ചത്.
അമെരിക്കൻ വിദേശ നയം സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് മോദി-പുടിൻ സെൽഫി ഉയർത്തിക്കാട്ടി അമെരിക്കൻ വിദേശകാര്യ നയതന്ത്രത്തിലെ പാളിച്ചകളെ കുറിച്ച് ഇവർ പ്രതികരിച്ചത്. ചിത്രം കാട്ടി ഇവർ വാദിക്കുന്നത് വാഷിങ്ടൺ നയങ്ങൾ ഇന്ത്യയെ മോസ്കോയിലേയ്ക്ക് കൂടുതൽ അടുപ്പിക്കുകയാണ് എന്നാണ്. ഇന്ത്യയല്ല, മറിച്ച് അമെരിക്കയാണ് ഇന്ത്യ-അമെരിക്ക ബന്ധത്തിന് തുരങ്കം വയ്ക്കുന്നതെന്നും സിഡ്നി കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്‍റെ സമ്മർദ്ദ തന്ത്രങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിനും പരസ്പര ധാരണയ്ക്കും കോട്ടം തട്ടുന്നതായും അവർ പറഞ്ഞു.
മോദി-പുടിൻ സെൽഫി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ ചിത്രം ആയിരം വാക്കുകളെക്കാൾ മൂല്യമുള്ളതാണെന്നും അവർ പ്രതികരിച്ചു. അമെരിക്കയുടെ തന്ത്രപരമായ പങ്കാളികളെ എതിരാളികളുടെ കൈകളിലേയ്ക്ക് തള്ളി വിട്ടാൽ ട്രംപിന് നൊബേൽ സമ്മാനം ലഭിക്കില്ലെന്നും സിഡ്നി പരിഹസിച്ചു. ഇന്ത്യ-അമെരിക്ക സഹകരണത്തിന് കൂടുതൽ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.