
കാലിഫോർണിയ: പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവിന് 707 വർഷം തടവ് ശിക്ഷ. കാലിഫോർണിയയിലാണ് സംഭവം. 34 കാരനായ മാത്യു സാക്ര്‌സെസ്‌കിയെയാണ് ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി കിംബെര്‍ലി മെന്നിഗര്‍ ശിക്ഷിച്ചത്. 2 മുതല്‍ 14 വയസ് വരെയുള്ള കുട്ടികളാണ് മാത്യുവിന്‍റെ പീഡനത്തിന് ഇരയായത്.
14 വയസില്‍ താഴെയുള്ള 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച ഇയാള്‍ ഇതിൽ ഒരു കുട്ടിയെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തു. 2014നും 2019നും ഇടയിലാണ് അതിക്രമങ്ങള്‍ നടന്നത്. തന്‍റെ 8 വയസുള്ള മകനെ മാത്യു അനുചിതമായി സ്പർശിച്ചെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ തെക്കൻ കാലിഫോർണിയയിൽ മാത്രം ഇയാൾ 11 കുട്ടികളെ പീഡിപ്പിച്ചതായി തെളിഞ്ഞു.
വെബ്സൈറ്റിലൂടെയാണ് ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളിലേക്ക് എത്തിയിരുന്നത്. ചൈൽഡ് കെയറിൽ 6 വർഷത്തിലേറെ പരിചയമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നതും അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതും വളരെ സന്തോഷമുള്ള കാര്യമാണെന്ന് താന്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞുവെന്ന് ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്.
എന്നാല്‍ മാത്യു കോടതിയില്‍ അല്‍പ്പം പോലും പശ്ചാത്തപിച്ചില്ല. തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മാത്യു സാക്ര്‌സെസ്‌കി കോടതിയോട് പറഞ്ഞു. കുട്ടികളുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. കൂടാതെ ഇരകളുടെ കുടുംബങ്ങളോട് കോടതിയിൽ ക്ഷമാപണം നടത്താനും പ്രതി തയ്യാറായില്ല.