
മോസ്കോ: റഷ്യയുടെ ചാന്ദ്രപര്യ വേഷണ ലാൻഡർ ലൂണ 25 തകർന്നു വീണ് ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടതായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുമെന്നു കരുതിയ ലൂണ 25 കഴിഞ്ഞ 19 ന് നിയന്ത്രണം വിട്ട് തകർന്നു വീണിരുന്നു. ഇതിന്‍റെ ആഖ്യാതം മൂലം ചന്ദ്രനിൽ 10 മീറ്റർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടതായാണ് നാസയുടെ കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇപ്പോൾ നാസ പുറത്തു വിട്ടിരിക്കുന്നത്. യുഎസ് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ പേടകമാണ് ചിത്രങ്ങൾ പകർത്തിയത്. ലൂണ 25 തകർന്നുവീണ സ്ഥലത്താണ് ഈ ഗർത്തമെന്നതിനാൽ ദൗത്യത്തിന്‍റെ ആഘാതത്തെ തുടർന്നാണെന്ന നിഗമനത്തിലേക്ക് നാസ എത്തിച്ചേർന്നത്.