ഗവേഷണത്തിന്‍റെ 1,001 ദിനങ്ങൾ പൂർത്തിയാക്കി 'പെർസിവറൻസ് റോവർ'

2020 ജൂലൈ ഇരുപതിനാണ് പെർസിവറൻസ് റോവർ വിക്ഷേപിച്ചത്.
പെർസിവറൻസ് റോവർ
പെർസിവറൻസ് റോവർ
Updated on

സാൻഫ്രാൻസിസ്കോ: ഗവേഷണത്തിന്‍റെ 1,001 ദിനങ്ങൾ പൂർത്തിയാക്കി നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകം പെർസിവറൻസ് റോവർ. ചുവന്നഗ്രഹം വാസയോഗ്യമോ എന്ന സാധ്യത തേടിയുള്ള ദൗത്യം ആയിരം ദിനങ്ങളെന്ന നാഴികക്കല്ല് തേടുമ്പോഴും ഗവേഷണം അവസാനിക്കുന്നില്ല. പ്രാഥമികദൗത്യം നിറവേറിയെങ്കിലും ഇനിയും കണ്ടെത്തലുകളുടെ സാധ്യത ശേഷിക്കുന്നു. ചൊവ്വയിൽ നിന്നു റോവർ ശേഖരിച്ച കല്ലുകൾ ഭൂമിയിലെത്തിച്ച് പഠനം നടത്തുകയെന്ന സുപ്രധാന ലക്ഷ്യം താണ്ടാനുണ്ട്. 2031 ഓടെ ഇതു സാധ്യമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

2020 ജൂലൈ ഇരുപതിനാണ് പെർസിവറൻസ് റോവർ വിക്ഷേപിച്ചത്. അടുത്ത വർഷം ഫെബ്രുവരി 18ന് ചൊവ്വയിലെ ജെസീറോ ഗർത്തത്തിൽ പിഴവുകളില്ലാതെ നിലംതൊട്ടു. ഒരു കാറിന്‍റെ വലുപ്പമുള്ള റോവറിൽ ക്യാമറകളും മൈക്രോഫോണുകളും ഇൻജെനുവിറ്റി എന്നു പേരുള്ള ചെറിയ ഹെലികോപ്റ്ററുമുണ്ട്. ലാൻഡിങ്ങിനു ശേഷം മനുഷ്യകുലത്തിനു പ്രതീക്ഷ നൽകിയ ഗവേഷണസഞ്ചാരത്തിന്‍റെ ദിനങ്ങളായിരുന്നു. ഭാവിയിൽ ഭൂമിയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ചൊവ്വയിലെ പതിമൂന്നു കല്ലുകളാണ് റോവർ ശേഖരിച്ചിരിക്കുന്നത്. ഈ ദൗത്യത്തിനായി യൂറോപ്യൻ സ്പേസ് ഏജൻസിയുമായി നാസ സഹകരിക്കും. ഈ ദൗത്യത്തിന് എത്ര തുക ചെലവു വരുമെന്നതു റിവ്യൂ ബോർഡ് കണക്കുക്കൂട്ടി വരികയാണ്.

ഇതുവരെ ചെയ്തതിൽ ഏറ്റവും ധീരവും ബൃഹത്തായതുമായ പദ്ധതിയായിരിക്കുമിതെന്നു നാസ മാഴ്സ് സാംപിൾ റിട്ടേൺ പ്രോഗ്രാം പ്രിൻസിപ്പിൽ സയൻറിസ്റ്റ് ഡോ മിനി വാദ് വ വ്യക്തമാക്കുന്നു. നേരത്തെ കണക്കുകൂട്ടിയതിനെക്കാളും 50-60 കോടി വർഷങ്ങൾ പഴക്കമുള്ള കല്ലുകളാണ് ചൊവ്വയിലേതെന്നാണ് നാസയിലെ ശാസ്ത്രജ്ഞരുടെ നിഗമനം.

ജെസീറോ ഗർത്തത്തിൽ 370-350 കോടി കോടി വർഷങ്ങൾക്കു മുൻപു സംഭവിച്ചതിന്‍റെ കഥകളും ഗവേഷണത്തിൽ അറിയാനാകുമെന്നാണു പ്രതീക്ഷ. അക്കാലത്ത് 45 കിലോമീറ്റർ വിസ്തൃതിയിൽ കോപ്പയുടെ ആകൃതിയിലുള്ള ഇവിടേക്ക് ഒരു നദി ഒഴുകിയിരുന്നെന്നും അന്നടിഞ്ഞ ചെളിയും മണലുമാണ് ഇപ്പോഴുമുള്ളതെന്നുമാണു നിഗമനം.

പെർസിവറൻസ് റോവറിന്‍റെ ചൊവ്വയിലെ കണ്ടെത്തലുകൾ കൃത്യമായ ഇടവേളകളിൽ നാസ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.

ഡെസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ചൊവ്വയിലെ പൊടിക്കാറ്റിന്‍റെ ദൃശ്യങ്ങളും, സിലിക്കയുടെയും ഫോസ്ഫറസിന്‍റെയും സാന്നിധ്യവുമൊക്കെ വളരെ പ്രധാനപ്പെട്ടായ കണ്ടുപിടിത്തങ്ങളായി കണക്കാക്കപ്പെടുന്നു. ജീവന്‍റെ സാന്നിധ്യമുറപ്പിക്കുന്നതിൽ നിർണായകമാണ് ഫോസ്ഫറസ്. റോവറിന്‍റെ നേട്ടങ്ങൾ ചർച്ച ചെയ്യാനും ആയിരം ദിനങ്ങൾ പൂർത്തിയാക്കിയതിനെ വിലയിരുത്താനും സാൻഫ്രാൻസിസ്കോയിൽ പെർസിവറൻസ് മിഷൻ ടീം യോഗം ചേർന്നിരുന്നു.

Trending

No stories found.

Latest News

No stories found.