

വ്യാപാര കരാറിൽ ഒപ്പിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും
ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഇരുകക്ഷികളും ഒപ്പിട്ടു. മദർ ഓഫ് ഓൾ ഡീൽസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ എണ്ണ-വാതക മേഖലയ്ക്ക് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്‍റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു. പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ.
കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്ക് വലിയ അവസരങ്ങൾ നൽകുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
കരാറിൽ അന്തിമ ധാരണയായതായി തിങ്കളാഴ്ച വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രഖ്യാപനം നടത്തിയിരുന്നു. ടെക്സ്റ്റെൽസ്, ലെതർ തുടങ്ങിയ മേഖലകളിൽ വൻ തോതിൽ നികുതി കുറയും. വിദേശകാറുകളുടെ അടക്കം ഇറക്കുമതി തീരുവയും കുറയും. ആഗോള വ്യാപാരത്തിന്‍റെ മൂന്നിലൊന്നാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നത്. കരാർപ്രകാരം ഇന്ത്യക്ക് പുതിയ കമ്പോളങ്ങൾ ലഭിക്കും. അമെരിക്ക ഏർപ്പെടുത്തിയ വലിയ ഉപരോധം ഒരുഭാഗത്ത് നിൽക്കുമ്പോൾ ഇന്ത്യക്ക് യൂറോപ്യൻ യൂണിയൻ വഴി ലോകത്തെ 27 രാജ്യങ്ങളിലെ കമ്പോളങ്ങൾ ലഭിക്കുന്നത്.