സ്വർഗ വിവാഹം; ദക്ഷിണേഷ്യക്കൊരു നേപ്പാൾ മാതൃക

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി നേപ്പാള്‍
വിവാഹം രജിസ്റ്റർ ചെയ്ത ശേഷം സുരേന്ദ്ര പാണ്ഡെയും മായ ഗുരുങ്ങും.
വിവാഹം രജിസ്റ്റർ ചെയ്ത ശേഷം സുരേന്ദ്ര പാണ്ഡെയും മായ ഗുരുങ്ങും.

കാഠ്മണ്ടു: സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി നേപ്പാള്‍. സ്വവര്‍ഗ വിവാഹം സുപ്രീം കോടതി നിയമവിധേയമാക്കി അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് ഇത്തരത്തിലുള്ള ആദ്യത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. മുപ്പത്തഞ്ചുകാരി ട്രാന്‍സ് വുമണ്‍ മായ ഗുരുങ്ങും ഇരുപത്തേഴുകാരന്‍ സുരേന്ദ്ര പാണ്ഡെയും ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുന്‍സിപ്പാലിറ്റിയിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

നേപ്പാളിൽ 2007ല്‍ തന്നെ സുപ്രീം കോടതി സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയിരുന്നു. ലൈംഗികതയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നു 2015ല്‍ നേപ്പാള്‍ ഭരണഘടനയിലും വ്യക്തമാക്കിയിരുന്നു. 2023 ജൂണില്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മായ ഗുരുങ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ നിയമങ്ങളുടെ അഭാവത്തില്‍ ഇതു സാധ്യമാകാന്‍ പിന്നെയും വൈകുകയായിരുന്നു. ഇതോടെ ഇതിനായി നൽകിയ പലരുടെയും അപേക്ഷ തള്ളപ്പെട്ടു.

കുടുംബങ്ങളുടെ അംഗീകരത്തോടെ പരമ്പരാഗതമായ രീതിയിലായിരുന്നു സുരേന്ദ്ര പാണ്ഡെയുടെയും മായയുടെയും വിവാഹം. കഴിഞ്ഞ ആറു വര്‍ഷമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇപ്പോള്‍ താല്‍ക്കാലികമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള നിയമങ്ങളില്‍ വ്യക്തത വന്ന ശേഷമാകും സ്ഥിരം രജിസ്‌ട്രേഷന്‍ അനുവദിക്കുക.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഡയമണ്ട് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്വവര്‍ഗ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബ്ലൂ ഡയമണ്ട് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com