

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ
കാഠ്മണ്ഡു: നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു. തിങ്കളാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണനിരക്ക് ഉയർന്നത്. അതേസമയം 4250 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ദുരന്തമുണ്ടായി ആറാം ദിവസം പിന്നിടുമ്പോഴും തെരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. എട്ട് ജില്ലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേപ്പാളിന്‍റെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് മരണനിരക്ക് പുറത്തുവിട്ടത്. ചിത്‌വാൻ ജില്ലയിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ ലഭിച്ചത്. 272 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നവാൽപരസായി ഈസ്റ്റ് (207), നവാൽപരസായി വെസ്റ്റ് (151) ഗോർഖ (65) എന്നിവയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ മറ്റു ജില്ലകൾ. കാണാതായ 4250 ആളുകളിൽ 320 പേർ വിദേശികളാണ്. കൂടാതെ 85 സുരക്ഷാ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.
നേപ്പാളിന് 2.2 മില്ല്യൺ യുഎസ് ഡോളറിന്‍റെ സഹായവുമായി ചൈന
പ്രളയദുരിതത്തിൽ അകപ്പെട്ട നേപ്പാളിന് സഹായഹസ്തവുമായി ചൈന. നേപ്പാളിന് 2.2 മില്യൺ യുഎസ് ഡോളറിന്‍റെ സാമ്പത്തിക സഹായം ചൈന അനുവദിച്ചു. നേപ്പാളിലെ ചൈനീസ് അംബാസിഡർ സാങ് മയോമിങ് 350 മില്യൺ നേപ്പാളി രൂപയുടെ (2 മില്യൺ യുഎസ് ഡോളർ) ചെക്ക് നേപ്പാൾ ധനകാര്യമന്ത്രി സ്വർണിം വാഗ്‌ലെയ്ക്ക് കൈമാറിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ രണ്ട് ലക്ഷം യുഎസ് ഡോളറിന്‍റെ ചെക്ക് നേപ്പാൾ സർക്കാരിനുള്ള സഹായമായി ചൈനീസ് റെഡ് ക്രോസിനും കൈമാറി. ദുരന്തത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് അനുശോചനം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് സാമ്പത്തിക സഹായം അനുവദിച്ചത്.