

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർക്കായി തെരച്ചിൽ തുടരുന്നു
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരണസംഖ്യ 794 ആയി ഉയര്‍ന്നതായി ഞായറാഴ്ച നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനെജ്മെന്‍റ് അതോറിറ്റി (എന്‍ഡിആര്‍ആര്‍എംഎ) അറിയിച്ചു. 589 വിദേശ പൗരന്മാരടക്കം 2,498 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ചിത്വാനിലാണ്.
അതേസമയം തിരിച്ചറിയപ്പെടാത്തതും ആരും അവകാശം ഉന്നയിക്കാത്തതുമായ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ നേപ്പാൾ സർക്കാർ തീരുമാനിച്ചു. എന്നാല്‍ ഇങ്ങനെ സംസ്‌കരിക്കുന്നവരുടെ ഡിഎന്‍എയും തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് തെളിവുകളും ശേഖരിക്കുമെന്നു നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രളയത്തില്‍ മരിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ധന മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിലും തിരിച്ചറിയുന്നതിലും പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്. രാജ്യത്തെ മോര്‍ച്ചറികളിലുള്ള ആകെ ശേഷി ഏകദേശം 350 ആണ്.
പ്രളയത്തെത്തുടര്‍ന്ന് ഈ പരിധി മറികടന്നു. പ്രതിസന്ധി ഒഴിവാക്കുന്നതിനും കുന്നുകൂടിയ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി ഭരത്പുരിലെ വിദ്യുത് റോഡിലുള്ള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപയോഗത്തിലില്ലാത്ത കെട്ടിടത്തിനുള്ളില്‍ അധികൃതര്‍ ഒരു താത്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍.
നേപ്പാൾ സർക്കാർ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെങ്കിലും കാലാവസ്ഥാ സാഹചര്യം അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍ആര്‍എംഎ കണക്കുകള്‍ പ്രകാരം, 5,000-ത്തിലധികം നേപ്പാള്‍ സൈനികര്‍ ഉള്‍പ്പെടെ 11,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.
ഉയര്‍ന്ന പ്രദേശമായ ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ ഈ മാസം 26നുണ്ടായ ദുരന്തത്തിന് കാരണം ഹിമാനിയുടെ തകര്‍ച്ചയാണെന്നും, അത് മഞ്ഞും പാറയും ചേര്‍ന്നുള്ള അവശിഷ്ടങ്ങളുടെ വലിയ കുത്തൊഴുക്കിന് കാരണമായെന്നുമാണു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചത്. ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളെ അനുവദിക്കാന്‍ നേപ്പാള്‍ ആദ്യം വിസമ്മതിച്ചിരുന്നെങ്കിലും, ദുരന്തത്തെത്തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്‍ കുടുങ്ങിക്കിടക്കുകയോ കാണാതാവുകയോ ചെയ്ത രാജ്യങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നേപ്പാളിന് നിലപാട് മാറ്റേണ്ടി വന്നു. ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളെ നേപ്പാള്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആര്‍എഫ്) അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേരടങ്ങുന്ന സംഘത്തെയും വൈദ്യസംഘത്തെയുമാണ് ഇന്ത്യ നേപ്പാളിലേക്ക് അയച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാളിന്‍റെ ധനമന്ത്രി സ്വര്‍ണിം വാഗ്ലെ 'അസാധാരണമാംവിധം ഉദാരമനസ്‌കന്‍' എന്നാണ് വിശേഷിപ്പിച്ചത്.
മൂന്ന് ദിവസം കുടുങ്ങിക്കിടന്ന ആറ് വയസുകാരിയെ രക്ഷപ്പെടുത്തി
നേപ്പാളില്‍ പ്രളയത്തില്‍ റസുവ ജില്ലയില്‍ മുങ്ങിയ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, വെള്ളിയാഴ്ച വൈകുന്നേരം കട്ടിയുള്ള ചെളിക്കും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ നിന്ന് ആറ് വയസുള്ള ഒരു പെണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. പ്രളയത്തെ അതിജീവിച്ചവരെ കണ്ടെത്താന്‍ ദുരന്തനിവാരണ സംഘങ്ങള്‍ അശ്രാന്തം പരിശ്രമിക്കുന്നതിനിടയിലാണ് ഈ നാടകീയ സംഭവം. റസുവ ജില്ലയിലെ തിമുരെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
അപകടത്തില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ മണ്ണിനടിയില്‍ നിന്ന് നേരിയ നിലവിളി ശബ്ദം കേട്ട ആംഡ് പൊലീസ് ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ആറ് വയസുകാരിയെ കണ്ടെത്തി സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.
തുടക്കത്തില്‍ തിമുറെയിലെ എപിഎഫ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റിലാണ് കുട്ടിക്ക് ചികിത്സ നല്‍കിയത്. എന്നാല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയില്‍ അടിയന്തര ചികിത്സ ആവശ്യമായി വന്നു. വെള്ളിയാഴ്ച വൈകുന്നേരം അവരെ വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് മാറ്റാന്‍ അധികൃതര്‍ ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും, മോശം കാലാവസ്ഥയും കാഴ്ചാപരിധി കുറവായതും കാരണം വിമാനയാത്ര വൈകി. എങ്കിലും ശനിയാഴ്ച ഉച്ചവരെ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ ആരോഗ്യനില മോശമാകില്ലെന്ന് ഉറപ്പുവരുത്തി. കുട്ടി ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാകുകയും കര്‍ശന വൈദ്യനിരീക്ഷണത്തില്‍ കഴിയുകയും ചെയ്യുകയാണ്.