
നെതന്യാഹു
ടെൽ അവീവ്: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുളള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നതടക്കമുളള സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രയേൽ പ്രതിരോധ സേന നൽകിയ മുന്നറിയിപ്പ് തളളിയാണ് നെതന്യാഹുവിന്‍റെ നിർദേശത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇസ്രയേല്‍ മാനുഷിക സഹായം നല്‍കുമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു. ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളുടെ ഒരു പട്ടികയെ ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.
ഹമാസിന്‍റെ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേര്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരല്‍, ഗാസ മുനമ്പിൽ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, ഗാസ മുനമ്പിന്മേല്‍ ഇസ്രായേലിന്‍റെ സുരക്ഷാ നിയന്ത്രണം, ഹമാസോ പലസ്തീനിയന്‍ അതോറിറ്റിയോ അല്ലാത്ത ഒരു ബദല്‍ ഭരണകൂടം തുടങ്ങിയ ആവശ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേല്‍ മുന്നോട്ട് വയ്ക്കുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കീഴടക്കുന്നത് ഗാസ സിറ്റി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.