

ബെഞ്ചമിൻ നെതന്യാഹു
ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയും സർക്കാർ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷവും സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ ഇസ്രയേലിൽ ചൊവ്വാഴ്ച പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. 2023 ഒക്റ്റോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെയും തുടർന്നുണ്ടായ യുദ്ധങ്ങളെയും ആഭ്യന്തര-വിദേശ നയങ്ങളെയും സർക്കാർ കൈകാര്യം ചെയ്ത രീതിയും തെരഞ്ഞെടുപ്പിൽ നിർണായകമാകും.
നെതന്യാഹുവിന്റെ നേതൃത്വത്തിനുള്ള പരീക്ഷണമായാണ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട്, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തിന്റെ വലതുപക്ഷ സഖ്യത്തിന് വെല്ലുവിളിയാണ്. എന്നാൽ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഒരു വിഭാഗത്തിനും ഉറപ്പില്ലെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. 120 അംഗങ്ങളാണ് ഇസ്രയേൽ പാർലമെന്റായ നെസെറ്റിലുള്ളത്. കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്.
വലതുപക്ഷ ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു 1996 മുതൽ മൂന്ന് വ്യത്യസ്ത കാലയളവുകളിലായി ഏകദേശം 19 വർഷം ഇസ്രയേൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഒക്റ്റോബർ ഏഴിലെ ഹമാസ് ആക്രമണത്തിനും തുടർന്നുണ്ടായ സൈനിക നീക്കങ്ങൾക്കും ശേഷമുള്ള സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും അധികാരം നിലനിർത്താൻ ശ്രമിക്കുന്നത്.
2023ലെ ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രയേലിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഗാസയിലെ യുദ്ധം ആരംഭിച്ചത്. ഗാസയിൽ വ്യോമാക്രമണങ്ങളും കരയുദ്ധവും ഉൾപ്പെടുന്ന വലിയ സൈനിക നീക്കങ്ങളാണ് ഇസ്രയേൽ നടത്തിയത്.
2023 ഒക്റ്റോബർ ഏഴിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും ഉത്തരവാദിത്തവും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണ്. വഞ്ചന, വിശ്വാസവഞ്ചന, കൈക്കൂലി തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള നെതന്യാഹു തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. യുദ്ധക്കുറ്റം നടത്തിയെന്ന ആരോപണത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024ൽ അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.