
അസിം മുനീർ
getty image
ബ്രസൽസ്: ഇന്ത്യയോട് തോറ്റോടുക, ആ നാണക്കേട് മറയ്ക്കാൻ നുണകൾ പടച്ചു വിടുക. ഇത് പാക്കിസ്ഥാന്‍റെ സ്ഥിരം തന്ത്രമാണ്. ഇപ്പോൾ പാക് സൈനിക മേധാവി അസിം മുനീർ ബെൽജിയത്തിലെ ബ്രസൽസിൽ പാക് പ്രവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അടുത്ത നുണ ഭാണ്ഡവുമായി രംഗത്തെത്തിയത്.
ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ യാചിച്ചത്രെ. ഇടപെടാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് അപേക്ഷിച്ചത്രെ. പാക്കിസ്ഥാൻ ലോക രാഷ്ട്രങ്ങളുടെ ആദരവ് ഏറ്റു വാങ്ങിയെന്നും മുനീർ അവകാശപ്പെട്ടു.
ഓഗസ്റ്റ് 11 ന് നടത്തിയ ആ പരിപാടി റെക്കോർഡ് ചെയ്യരുതെന്നും പങ്കെടുക്കാനെത്തുന്നവർ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്നും കർശന നിർദേശം ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.
സിന്ധു നദീജല കരാർ പ്രശ്നത്തിൽ ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിയതിനു വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയതിന്‍റെ ജാള്യം പാക്കിസ്ഥാനു മാറിയിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പെരും നുണകളുമായി മുനീർ രംഗത്തെത്തിയിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ പാക്കിസ്ഥാനാണ് വെടി നിർത്തൽ ആവശ്യം ഉന്നയിച്ചത് എന്ന യാഥാർഥ്യം നില നിൽക്കെയാണ് പാക് സൈനിക മേധാവി രഹസ്യമായി പെരും നുണകൾ പാക് പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.
റാവൽ പിണ്ടിയിലെ പാക്കിസ്ഥാന്‍റെ നൂർ ഖാൻ വ്യോമ താവളം ഇന്ത്യൻ സൈന്യം ആക്രമിച്ചതിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ വിളിച്ചാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് അഭ്യർഥിക്കുന്ന കാര്യം അറിയിച്ചത്.
വെടിനിർത്തൽ ആവശ്യം പാക് സൈനിക ഡയറക്റ്റർ ജനറൽ നേരിട്ട് ഉന്നയിക്കട്ടെ എന്നായിരുന്നു ഇന്ത്യ സ്വീകരിച്ച നിലപാട്. തുടർന്ന് ഇരുരാജ്യങ്ങളും സൈനികതലത്തിൽ നടത്തിയ സംഭാഷണങ്ങൾക്ക് ഒടുവിലാണ് വെടിനിർത്തൽ യാഥാർഥ്യമായത്. ഇതൊക്കെ പാക് പ്രവാസികളിൽ നിന്നു മറച്ചു വയ്ക്കാനുള്ള ഒരു കൂലങ്കഷ ശ്രമമായിരുന്നു പാക് സൈനിക മേധാവിയുടെ ബ്രസൽസ് നുണക്കഥ പ്രചരണം.