'അ'ശാന്ത രാത്രിയായി 2024 ലെ ക്രിസ്മസ്

വിനാശകരമായ ആകാശ യുദ്ധങ്ങളുടെ വാർത്തകളാണ് ലോകം ഇക്കഴിഞ്ഞ ക്രിസ്മസിന് നമുക്കു സംഭാവന ചെയ്തത്
On Christmas Day, the family members of Howa, who were burned to death, are being buried in a mat.
ക്രിസ്മസ് ദിനത്തിൽ ഹൗവയുടെ ചുട്ടു കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ പായയിൽ പൊതിഞ്ഞ് അടക്കാൻ കൊണ്ടു പോകുന്നു.
Updated on

റീന വർഗീസ് കണ്ണിമല

ലോകത്തിന് രക്ഷയും ശാന്തിയും പകരാനെത്തിയ കന്യാസുതന്‍റെ തിരുപ്പിറവി ആഘോഷിക്കാൻ 2024 തയാറെടുത്തത് ആകാശ യുദ്ധങ്ങളുടെ അശാന്ത രാത്രി സൃഷ്ടിച്ചു കൊണ്ട്! വിനാശകരമായ ആകാശ യുദ്ധങ്ങളുടെ വാർത്തകളാണ് ലോകം ഇക്കഴിഞ്ഞ ക്രിസ്മസിന് നമുക്കു സംഭാവന ചെയ്തത്. മിസൈൽ ആക്രമണങ്ങൾ, വ്യോമാക്രമണങ്ങൾ, വിമാനാപകടങ്ങൾ എന്നിങ്ങനെ പോകുന്നു അവ.

സ്വർഗം ഭൂമിയിൽ മനുഷ്യാവതാരം ചെയ്ത ക്രിസ്മസ് ദിനം തന്നെ 2024 എന്ന വർഷത്തിൽ, കാലം നരകത്തെ തുറന്നു വിടാൻ അനുവദിച്ചിരിക്കുന്നു.

നൈജീരിയ

ഇതിൽ ഏറ്റവും വേദനാജനകമായത് നൈജീരിയയിലെ സോകോട്ടോ സ്റ്റേറ്റിലെ രണ്ടു ഗ്രാമങ്ങളിലായി ബോംബർ വിമാനങ്ങൾ തുപ്പിയ തീ ജ്വാലയിൽ ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കുഞ്ഞുങ്ങളടക്കം പത്തു മനുഷ്യ ജീവനുകൾ കത്തിയെരിഞ്ഞതാണ്!

ക്രിസ്മസ് ദിനത്തിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സോകോട്ടോ സ്റ്റേറ്റിലെ സിലാമെ പ്രാദേശിക സർക്കാർ ഏരിയയിൽ റുംതുവ, ഗിദാൻ സാമ എന്നീ ഗ്രാമങ്ങൾക്ക് വേണ്ടി നടത്തിയ വ്യോമാക്രമണത്തിൽ പത്തു പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 25 ന് രാവിലെ ആറു മണിക്കും ഏഴിനുമിടയിലായിരുന്നു നൈജീരിയൻ പട്ടാളത്തിന്‍റെ കൂട്ടക്കൊല.അസർ പ്രാർഥനയ്ക്കു ശേഷമായിരുന്നത്രെ പത്തു നിരപരാധികളായ ഗ്രാമീണരെ അവർ ചുട്ടു കൊന്നു!

ക്രിസ്മസ് ദിനത്തിൽ പ്രഭാത പ്രാർഥനയ്ക്കു ശേഷം മാതാപിതാക്കൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന ഹൗവയ്ക്ക് പിന്നീട് കാണാനായത് തന്‍റെ മാതാപിതാക്കളെയും ഇളയ മൂന്നു സഹോദരങ്ങളെയും നൈജീരിയൻ പട്ടാളം ചുട്ടു കൊല്ലുന്നതാണ്.അതു കണ്ട് കരഞ്ഞ ഹൗവയെയും മറ്റ് പ്രദേശ വാസികളെയും പട്ടാളം ക്രൂരമായി പ്രഹരിച്ചു. ആ മർദ്ദനമേറ്റ് ആ പെൺകുട്ടിയും മറ്റുള്ളവരും നിലത്ത് കമിഴ്ന്നു കിടന്നു. തൊട്ടപ്പുറത്ത് അവളുടെ സ്വന്തം ചോരയായ അഞ്ചു ജീവനുകൾ കത്തിയെരിയുകയായിരുന്നു അപ്പോൾ. ഇസ്ലാമിക് സ്റ്റേറ്റ് വിപുലപ്പെടുത്തുന്നതിനായി നൈജീരിയയിൽ നടക്കുന്ന കൂട്ടക്കൊലകളിൽ ഏറ്റവും ഒടുവിലത്തെ ക്രിസ്മസ് കൂട്ടക്കുരുതിയായി ഈ കണ്ണീർക്കാഴ്ച.

ഇത്രയുമൊക്കെ കാട്ടിക്കൂട്ടിയിട്ടും അത് പട്ടാളത്തിനു പറ്റിയ കൈയബദ്ധമാണെന്നാണ് സൊകോട്ടോ സ്റ്റേറ്റ് ഗവർണർ അഹ്മദ് അലിയു പറയുന്നത്.

യുക്രെയ്ൻ

യുക്രെയ്നിനു നേരെ ഈ ക്രിസ്മസ് ദിനത്തിൽ പുലർച്ചെ റഷ്യ നടത്തിയ വൻ വ്യോമാക്രമണമാണ് അടുത്തത്. മാരകമായ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ഈ കൊടും ക്രൂര യുദ്ധത്തിൽ നിരവധി സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു.റഷ്യ ആദ്യം പിടിച്ചെടുത്ത ഖാർകിവ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്രൂരത കാട്ടിയത്.യുക്രെയ്നിന്‍റെ ഊർജ മേഖലാ കേന്ദ്രമാണ് വടക്കുകിഴക്കൻ നഗരമായ ഖാർകീവ്. ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ നൂറിലധികം ഡ്രോണുകളും എഴുപതിലധികം മിസൈലുകളും വിക്ഷേപിച്ചാണ് റഷ്യ യുക്രെയ്നിന്‍റെ ക്രിസ്മസ് രാത്രിയിലേക്ക് നരക വാതിലുകൾ തുറന്നു വച്ചത്.

ഇതോടെ യുക്രെയ്നിന്‍റെ ഊർജ മേഖല സ്തംഭിച്ചു.രാജ്യം അന്ധകാരത്തിലമർന്നു. നിരവധി പൗരന്മാർ വധിക്കപ്പെട്ടു.പുടിന്‍റെ മനുഷ്യത്വ രഹിതമായ ഈ പ്രവർത്തിയിലൂടെ ക്രിസ്മസ് ദിനം കണ്ണീർ ദിനമായി ക്രൈസ്തവ രാജ്യമായ യുക്രെയ്നിന്. ക്രിസ്മസ് ആഘോഷിക്കുന്ന ദശലക്ഷക്കണക്കിന് സമാധാനപ്രിയരായ ആളുകൾക്ക് വെളിച്ചവും ഊഷ്മളതയും നിഷേധിക്കുന്നത് ഒരു നീചവും ദുഷിച്ചതുമായ പ്രവൃത്തിയാണെന്ന വിമർശനം പുടിനെതിരെ ലോകം ഉയർത്തുന്നു.

അസർബൈജാൻ വിമാന ദുരന്തം

ക്രിസ്മസ് കാലത്ത് ലോകത്തെ കണ്ണീരണിയിച്ച മറ്റൊരു വാർത്ത അസർബൈജാനിൽ നിന്ന് റഷ്യയിലേക്കുള്ള വിമാനത്തിൽ 62 യാത്രക്കാരും അഞ്ച് ജീവനക്കാരും സഞ്ചരിച്ച എംബ്രയർ (EMBR3.SA) വിമാനം കസാക്കിസ്ഥാനിലെ അക്‌തൗ നഗരത്തിന് സമീപം തകർന്നുവീണതാണ്. ഈ അപകടത്തിൽ നിന്ന് മുപ്പത്തിരണ്ടു യാത്രക്കാർ മാത്രമേ രക്ഷപെട്ടുള്ളു.

വിമാനം കടൽത്തീരത്ത് നിലത്ത് തകർന്നതിന് ശേഷം ഇടതൂർന്ന കറുത്ത പുക ഉയരുന്നതും തീപിടിച്ച് പൊട്ടിത്തെറിക്കുന്നതും സോഷ്യൽ മീഡിയയിൽ വ്യാപകമായി.

തകർച്ചയുടെ കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും വിഷയം നിലവിൽ അന്വേഷണത്തിലാണ്, വിമാനത്തിന് "ശക്തമായ ജിപിഎസ് ജാമിംഗ്" അനുഭവപ്പെട്ടതായി 'ഫ്ലൈറ്റ് റഡാർ 24' എന്ന ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റ് പറയുന്നു.

പാക് വ്യോമാക്രമണം

2024 ലെ ക്രിസ്മസ് ദിനത്തിൽ പ്രധാനവാർത്തകളിൽ ആധിപത്യം സ്ഥാപിച്ച മറ്റൊരു മാരകമായ സംഭവം അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ വ്യോമാക്രമണമാണ്. അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ തീവ്രവാദികൾക്കെതിരെ പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയെങ്കിലും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തിൽ കുടുങ്ങി.

ക്രിസ്മസ് രാവിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണം അഫ്ഗാൻ താലിബാന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അംഗീകരിച്ചു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി അഭയാർഥികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com