

റഷ്യൻ വ്യോേമാക്രമണത്തെ തുടർന്ന് ഇരുട്ടിലായ കീവ്
file photo
കീവ്: യുക്രെയ്നും പോളണ്ടും അതിർത്തി പങ്കിടുന്ന ലവിവ് മേഖലയിൽ ഹൈപ്പർ സോണിക് മിസൈൽ ആക്രമണം നടത്തി റഷ്യ.വ്യാഴാഴ്ച രാത്രിയാണ് ശബ്ദത്തെക്കാൾ പതിന്മടങ്ങ് വേഗമുള്ള ഒറേഷ്നിക് ഹൈപ്പർ സോണിക് മിസൈൽ റഷ്യ ലവിവിൽ പ്രയോഗിച്ചത്.
കഴിഞ്ഞ മാസം പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്നും ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ നിർമിച്ച ഫാക്റ്ററിയാണ് തങ്ങൾ ഈ ഹൈപ്പർസോണിക് മിസൈൽ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും റഷ്യ പ്രതികരിച്ചു.
ഇതിനു പിന്നാലെ കീവിൽ വ്യാപകമായി വ്യോമാക്രമണവും റഷ്യ നടത്തി. നാലു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കീവിലെ ഖത്തർ എംബസിക്ക് കേടുപാടുകളുണ്ടായി. 50,000 കെട്ടിടങ്ങളിലേയ്ക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. അതോടെ ഈ മേഖല പൂർണമായും ഇരുട്ടിലായി.
പോളണ്ടിന്‍റെ യുക്രെയ്ൻ അതിർത്തിയിൽ നിന്നു വെറും 50 കിലോമീറ്റർ മാത്രം മാറിയായിരുന്നു ഹൈപ്പർ സോണിക് മിസൈൽ ആക്രമണം. ഇതിനിടെ റഷ്യ നടത്തിയ ഈ ആക്രമണം യൂറോപ്പിന്‍റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് എന്ന് യുക്രെയ്ൻ പ്രതികരിച്ചു.