
റഷ്യൻ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കെതിരെ നടപടിയില്ല: ട്രംപ്
getty images
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്കു മേൽ ചുമത്തിയ 25 ശതമാനം അധികര തീരുവ ഒഴിവാക്കുമെന്ന സൂചനയുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നതു തുടരുന്ന രാജ്യങ്ങൾക്കെതിരെ സെക്കൻഡറി താരിഫ് ചുമത്തില്ലെന്നതാണ് ട്രംപിന്‍റെ പുതിയ പ്രസ്താവന.
ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്. കഴിഞ്ഞ മാസം അമെരിക്ക ഇന്ത്യയുടെ ഉൽപന്നങ്ങൾക്കു മേൽ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ 25 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചു. ഈ തീരുവ ഈ മാസം 27 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപ് ഇളവിന്‍റെ സൂചന നൽകിയത്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധവും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടികളും ഉണ്ടാകുമെന്നായിരുന്നു ട്രംപിന്‍റെ മുൻ ഭീഷണി.
റഷ്യൻ പ്രസിഡന്‍റ് പുടിന് അവരുടെ പ്രധാന എണ്ണ ഉപഭോക്താവായ ഇന്ത്യയെ നഷ്ടപ്പെട്ടതായും റഷ്യൻ എണ്ണയുടെ 40 ശതമാനവും ഇന്ത്യയാണ് വാങ്ങിയിരുന്നതെന്നും സെക്കൻഡറി താരിഫ് നടപ്പാക്കിയാൽ റഷ്യയ്ക്ക് വളരെ വലിയ തിരിച്ചടിയാകുമെന്നും ചെയ്യേണ്ടി വന്നാൽ ഞാനതു ചെയ്യുമെന്നും ഇല്ലെങ്കിൽ വേണ്ടെന്നുമായിരുന്നു ഫോക്സ് ന്യൂസിനോട് ട്രംപ് പറഞ്ഞത്.
എന്നാൽ അലാസ്കയിൽ നടന്ന ട്രംപ്-പുടൻ കൂടിക്കാഴ്ച വലിയ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. 2022ൽ ട്രംപ് യുഎസ് പ്രസിഡന്‍റായിരുന്നെങ്കിൽ യുക്രെയ്ൻ യുദ്ധമുണ്ടാകില്ലായിരുന്നു എന്ന് പുടിൻ പ്രതികരിച്ചു. മോശം സാഹചര്യത്തിലൂടെ കടന്നു പോയ ഇരു രാഷ്ട്രങ്ങളും ഇപ്പോൾ നല്ല നിലയിലേയ്ക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ ആത്മാർഥമായ താൽപര്യം പ്രശംസനീയമാണെന്നും യുദ്ധത്തിന്‍റെ മൂല കാരണങ്ങൾ ഇല്ലാതാക്കണമെന്നും റഷ്യയുടെ ആശങ്കകൾ പരിഹരിക്കണമെന്നും പുടിൻ കൂട്ടിച്ചേർത്തു.
അടുത്ത തവണ റഷ്യയിൽ കാണാം എന്ന വാക്കുകളോടെയാണ് അലാസ്കയിലെ ട്രംപ്-പുടിൻ ചർച്ച അവസാനിച്ചത്.