പീസ് ചാർട്ടർ പ്രമേയം പ്രഖ്യാപിച്ച് 12 നോബേൽ ജേതാക്കൾ

ലോക സമാധാന ഉച്ചകോടിക്ക് ദുബായിൽ സമാപനം
Nobel laurates reveal Peace charter in Dubai World Peace Summit

പീസ് ചാർട്ടർ പ്രമേയം പ്രഖ്യാപിച്ച് 12 നോബേൽ ജേതാക്കൾ

Updated on

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സമാധാന സമ്മേളനമായ 'ഗ്ലോബൽ ജസ്റ്റിസ്, ലവ് & പീസ് ഉച്ചകോടി 2025' ന് 12 നോബൽ സമ്മാന ജേതാക്കൾ നടത്തിയ പീസ് ചാർട്ടർ 'എ ലവ് ലെറ്റർ റ്റു ഹ്യുമാനിറ്റി' എന്ന പ്രഖ്യാപനത്തോടെ സമാപനമായി. നീതി, തുറന്ന സംഭാഷണം, നന്മ, സ്നേഹം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളോടുള്ള അചഞ്ചല സമർപ്പണത്താൽ നയിക്കപ്പെടുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം അഭിവൃദ്ധി പ്രാപിക്കൂവെന്ന് പങ്കെടുത്തവർ പറഞ്ഞു.

ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തതും മുഖ്യ പ്രഭാഷണം നിർവഹിച്ചതും യുഎഇ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ആയിരുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇ ഭരണാധികാരികളുടെ വിവേകപൂർണമായ പ്രവർത്തനങ്ങൾ ഈ നാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും സ്ഥിരതയുടെയും ഇടമാക്കി മാറ്റിയിട്ടുണ്ടെന്ന് ഷെയ്ഖ് നഹ്‌യാൻ പറഞ്ഞു. നമ്മുടെ സാംസ്കാരിക, സാമ്പത്തിക, മത വൈവിധ്യത്തെ പരസ്പര ബഹുമാനത്തിനും സഹവർത്തിത്വപരമായ പ്രവർത്തനങ്ങൾക്കും വിനിയോഗിച്ച് മാറ്റങ്ങൾക്ക് കരുത്ത് പകരണമെന്ന് അദ്ദേഹം നിർദേശിച്ചു.

മാനവരാശിക്ക് ഒരു സ്നേഹക്കുറിപ്പ്

'മാനവരാശിക്ക് ഒരു സ്നേഹക്കുറിപ്പ് ' പേരിൽ തയാറാക്കിയ സമാധാന ചാർട്ടർ ഐക്യ രാഷ്ട്രസഭയ്ക്ക് സമർപ്പിക്കുമെന്ന് ഉച്ചകോടിയുടെ സംഘാടകരായ 'ഐ ആം പീസ് കീപ്പർ മൂവ്‌മെന്‍റി'ന്‍റെ ചെയർമാൻ ഡോ. ഹുസൈഫ ഖൊറാക്കിവാല പറഞ്ഞു.

സംയുക്ത സമാധാന ചാർട്ടറിന്‍റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു: ''സമാധാനം എന്നത് സംഘർഷത്തിന്‍റെ അഭാവം മാത്രമല്ല, നീതിയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സാന്നിധ്യമാണ്. എല്ലാവർക്കും ഐക്യം, പുരോഗതി, സമത്വം എന്നിവ വളർത്തിയെടുക്കുന്ന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. നീതി, തുറന്ന സംഭാഷണം, നന്മ, സ്നേഹം, സ്വാതന്ത്ര്യം എന്നിവയോടുള്ള അചഞ്ചലമായ സമർപ്പണം കൊണ്ട് മാത്രമേ യഥാർത്ഥ സമാധാനം അഭിവൃദ്ധി പ്രാപിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു".

ചരിത്രപരമായ സമാധാന പ്രതിജ്ഞ

ചരിത്രപരമായ സമാധാന പ്രതിജ്ഞയെടുത്ത 12 നോബൽ സമ്മാന ജേതാക്കളിൽ, ടുണീഷ്യൻ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനായ അബ്ദിസ്സത്താർ ബിൻ മൂസ, 2015ലെ ടുണീഷ്യൻ സമാധാന നോബൽ സമ്മാന ജേതാവായ വിദ്യാഭ്യാസ പ്രവർത്തകൻ ഹൗസിൻ അബ്ബാസി, കിഴക്കൻ ടിമോർ പ്രസിഡന്‍റും 1996ലെ നോബൽ സമ്മാന ജേതാവുമായ ജോസ് മാനുവൽ റാമോസ് ഹോർട്ട, ഇന്ത്യയിലെ സാമൂഹിക പ്രവർത്തകനും 2014ലെ നോബൽ സമാധാന സമ്മാന ജേതാവുമായ കൈലാഷ് സത്യാർത്ഥി, പോളണ്ട് മുൻ പ്രസിഡന്‍റും 1983ലെ നോബൽ സമാധാന സമ്മാന ജേതാവുമായ ലേക് വലേസ, 2011ലെ നോബൽ സമാധാന സമ്മാന ജേതാവ് ലൈബീരിയയിലെ ലെയ്മ ജിബോവി, 2015ലെ നോബൽ സമാധാന സമ്മാന ജേതാവ് ടുണീഷ്യൻ ഓർഡർ ഓഫ് ലോയേഴ്‌സ് പ്രസിഡന്‍റ് മുഹമ്മദ് ഫാദിൽ മഹ്‌ഫൂദ്, 2007ലെ നോബൽ സമ്മാന ജേതാവ് ശ്രീലങ്കയിലെ പ്രൊഫ. മോഹൻ മുനസിംഗെ ദേശ്മാന്യ, 2018ലെ നോബൽ സമ്മാന ജേതാവും ഇറാഖിലെ സാമൂഹിക പ്രവർത്തകയുമായ നാദിയ മുറാദ്, കോസ്റ്റാറിക്കയുടെ മുൻ പ്രസിഡന്‍റും 1987ലെ നോബൽ സമാധാന സമ്മാന ജേതാവുമായ ഓസ്കാർ ഏരിയാസ് സാഞ്ചസ്, 2015ലെ നോബൽ സമാധാന സമ്മാന ജേതാവായ ടുണീഷ്യയിലെ ഉയിദഡ് ബുഷമൂയി, 2003ലെ നോബൽ സമാധാന സമ്മാന ജേതാവായ ഇറാനിലെ സാമൂഹിക പ്രവർത്തകയും ജഡ്ജിയും അഭിഭാഷകയുമായ ഡോ. ഷിറീൻ ഇബാദി എന്നിവരുൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com