

സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും; ട്രംപിന് കിട്ടുമോ?
File photo
ഓസ്‌ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2.30ന് നോർവെയിലെ ഓസ്‌ലോയിലാണ് പ്രഖ്യാപനം.
ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷൻ, സുഡാനിലെ എമർജൻസി ടീമുകൾ, യുക്രെയ്നിലെ കുട്ടികളുടെ അഭിഭാഷകർ, രണ്ട് ഉന്നത അന്താരാഷ്ട്ര കോടതികൾ എന്നിവരാണ് ഇത്തവണ പുരസ്കാരത്തിന് സാധ്യതയുള്ളവർ. അതേസമയം ഇറാനുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുരസ്കാരം സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സമാധാന നൊബേലിന് താൻ അർഹനാണെന്നാണ് ട്രംപിന്‍റെ വാദം.
ഇത്തവണത്തെ പുരസ്കാരത്തിന് ഓസ്‌ലോയിലെ നോർവീജിയൻ നെബേൽ കമ്മിറ്റിക്ക് 287 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ മൂന്നിലൊന്നും സംഘടനകളാണ്.
കഴിഞ്ഞവർഷം തെക്കെ അമെരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോവിനാണ് സമാധാന നൊബേൽ പുരസ്കാരം ലഭിച്ചത്. വെനസ്വേലയിൽ ജനാധിപത്യപരമായ മാറ്റം കൊണ്ടുവരാൻ നടത്തിയ പോരാട്ടം പരിഗണിച്ചായിരുന്നു പുരസ്കാരം. എന്നാൽ അന്നത്തെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമെരിക്ക പുറത്താക്കിയതിന് തൊട്ടുപിന്നാലെ മച്ചാഡോ തന്‍റെ നൊബേൽ മെഡൽ ട്രംപിന് കൈമാറിയത് ഏറെ ചർച്ചയായിരുന്നു. ഇതിനെതിരേ നൊബേൽ സമിതി രംഗത്തുവന്നിരുന്നു. നൊബേൽ ബഹുമതി മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാൻ കഴിയില്ലെന്ന് സമിതി വ്യക്തമാക്കി.