മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിന് വൈദ്യശാസ്ത്ര നൊബേൽ

പുരസ്കാരം യുഎസ് ഗവേഷകരായ വിക്റ്റർ അംബ്രോസിനും ഗാരി റോവ്കിനും
Nobel prize for Physiology and Medicine 2024
മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിന് വൈദ്യശാസ്ത്ര നൊബേൽ
Updated on

സ്റ്റോക്ക്ഹോം: മൈക്രോ ആർഎൻഎയെ കണ്ടെത്തിയ അമെരിക്കൻ ശാസ്ത്രജ്ഞർ വിക്റ്റർ അംബ്രോസിനും ഗാരി റോവ്കിനും 2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം. ജീൻ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വങ്ങളിലേക്ക് നയിക്കുന്നതാണ് ഇവരുടെ കണ്ടുപിടിത്തമെന്നു പുരസ്കാര നിർണയ സമിതി വിലയിരുത്തി.

ജീവജാലങ്ങൾ രൂപപ്പെടുന്നതും പ്രവർത്തിക്കുന്നതും എങ്ങനെയെന്ന അടിസ്ഥാനപരമായി പ്രാധാന്യുമുള്ള അറിവാണ് ഇരുവരും നൽകിയതെന്നും സമിതി. ഹാർവാഡ് യൂണിവേഴ്സിറ്റിയിലായിരിക്കെയാണ് അംബ്രോസ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നിലവിൽ മാസച്യുസെറ്റ്സ് മെഡിക്കൽ സ്കൂൾ യൂണിവേഴ്സിറ്റിയിൽ നാച്വറൽ സയൻസ് അധ്യാപകനാണ്. മാസച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലും ഹാർവാഡ് മെഡിക്കൽ സ്കൂളിലുമായിരുന്നു റോവ്കിന്‍റെ ഗവേഷണം. ജനെറ്റിക് അധ്യാപകാണ് റോവ്കിൻ.

വ്യത്യസ്തയിനം കോശങ്ങള്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന ഗവേഷണത്തിനിടെയാണ് ഇവർ 'മൈക്രോ ആര്‍എന്‍എ കണ്ടെത്തിയത്. എം ആര്‍എന്‍എ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ട കണ്ടെത്തലിനായിരുന്നു കഴിഞ്ഞ വർഷം വൈദ്യശാസ്ത്ര നൊബേല്‍.

എംആര്‍എന്‍എ യെ ന്യൂക്ലിയോസൈഡ് പരിഷ്‌കരണത്തിന് വിധേയമാക്കുക വഴി, കൊവിഡ് 19 നെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ വഴിതുറന്ന കാത്തലിന്‍ കാരിക്കോ, ഡ്രൂ വീസ്മാന്‍ എന്നിവരാണ് കഴിഞ്ഞവര്‍ഷം പുരസ്കാരം പങ്കിട്ടത്. 10 ലക്ഷം യുഎസ് ഡോളറാണ് പുരസ്കാരത്തുക.

ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണു സമാധാന നൊബേൽ. സ്വീഡിഷ് ശാസ്ത്രജ്ഞൻ ആൽഫ്രഡ് നൊബേലിന്‍റെ ചരമവാർഷികമായ ഡിസംബർ 10നു പുരസ്കാരങ്ങൾ സമ്മാനിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com