അമെരിക്ക-ദക്ഷിണ കൊറിയ-ജപ്പാൻ സൈനികാഭ്യാസത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ

ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ വോൺസാൻ മേഖലയിൽനിന്നാണ് നിരവധി മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയൻ ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് നൽകുന്ന വിവരം
Representative image

പ്രതീകാത്മക ചിത്രം

file photo

Updated on

സിയോൾ: അമെരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനികാഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെ ഉത്തര കൊറിയ കടലിലേക്ക് നിരവധി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി റിപ്പോർട്ട്. വെള്ളിയാഴ്ച അവസാനിച്ച ത്രിരാഷ്ട്ര സൈനികാഭ്യാസത്തെ പ്രകോപനപരമായ നീക്കമായാണ് ഉത്തര കൊറിയ കണ്ടത്.

ഏകദേശം മൂന്നാഴ്ചയ്ക്കുശേഷമാണ് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നത്. ദക്ഷിണ കൊറിയയുമായുള്ള പ്രധാന സൈനികാഭ്യാസം വെട്ടിക്കുറയ്ക്കാനുള്ള അമെരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ തീരുമാനത്തെ ഉത്തര കൊറിയ തള്ളിയതിന് പിന്നാലെയാണ് പുതിയ മിസൈൽ വിക്ഷേപണം.

ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ വോൺസാൻ മേഖലയിൽനിന്നാണ് നിരവധി മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയൻ ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് നൽകുന്ന വിവരം. ഓരോ മിസൈലും ഏകദേശം 250 കിലോമീറ്റർ സഞ്ചരിച്ച് ഉത്തര കൊറിയയുടെ കിഴക്കൻ സമുദ്ര മേഖലയിലേക്കാണ് പതിച്ചത്. മിസൈൽ വിക്ഷേപണങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കിയതായും അമെരിക്കയുമായും ജപ്പാനുമായും വിവരങ്ങൾ കൈമാറുന്നതായും ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമായ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ ഉത്തര കൊറിയ അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻഷ്യൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടു.

ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം അമെരിക്കൻ പ്രദേശങ്ങൾക്കോ സഖ്യകക്ഷികൾക്കോ അടിയന്തര ഭീഷണി ഉയർത്തുന്നില്ലെന്ന് യുഎസ് പസഫിക് കമാൻഡ് വ്യക്തമാക്കി.

‘ഫ്രീഡം എഡ്ജ്’ എന്ന പേരിൽ നടത്തിയ അഞ്ച് ദിവസത്തെ സംയുക്ത സൈനികാഭ്യാസം വെള്ളിയാഴ്ച വിജയകരമായി പൂർത്തിയായിരുന്നു. വ്യോമ, സമുദ്ര, സൈബർ മേഖലകളിൽ മൂന്ന് രാജ്യങ്ങളുടെയും സൈനികർ സംയുക്ത പരിശീലനം നടത്തിയതായി യുഎസ് പസഫിക് കമാൻഡ് അറിയിച്ചു.

സമുദ്ര അഭ്യാസങ്ങൾ, ആകാശത്ത് ഇന്ധനം നിറയ്ക്കൽ, സൈബർ ഏകോപനം, മെഡിക്കൽ പരിശീലനം എന്നിവയും അഭ്യാസത്തിന്‍റെ ഭാഗമായി നടന്നു. ഉത്തര കൊറിയയിൽനിന്നുള്ള ആണവ ഭീഷണികളെ നേരിടുന്നതിനുള്ള സംയുക്ത ശേഷി വർധിപ്പിക്കുകയാണ് അഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും ഇത് പ്രതിരോധ സ്വഭാവമുള്ളതാണെന്നും ദക്ഷിണ കൊറിയൻ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

സൈനികാഭ്യാസം തിങ്കളാഴ്ച ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉത്തര കൊറിയൻ പ്രതിരോധ മന്ത്രി കിം സോങ്-ഗി വിമർശിക്കുകയും ശക്തമായ തിരിച്ചടി നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com