

കിം ജോങ് ഉൻ മരിച്ചു? അഭ്യൂഹങ്ങൾക്ക് പിന്നാലെ പുതിയ ചിത്രങ്ങളുമായി ഉത്തര കൊറിയ
പ്യോങ്യാങ്: ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ മരിച്ചതായി അഭ്യൂഹങ്ങൾ. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചൈനയിലെ ആശുപത്രിയിൽവച്ച് 42കാരനായ കിം മരിച്ചതായാണ് വാർത്തകൾ വന്നത്. അമെരിക്കയിൽ താമസിക്കുന്ന ചൈനീസ് വിമതനാണ് കിം മരിച്ചെന്ന വാദവുമായി രംഗത്തെത്തിയത്.
വാർത്തകൾ വന്ന് മണിക്കൂറുകൾക്ക് പിന്നാലെ കിം ജീവനോടെയുണ്ടെന്ന് തെളിയിക്കാൻ ഉത്തരകൊറിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടു. എക്സിബിഷനിൽ പങ്കെടുക്കുന്ന കിം ജോങ് ഉന്നിന്‍റെ ചിത്രങ്ങളാണ് ഉത്തരകൊറിയയിലെ സർക്കാർ മാധ്യമം പുറത്തുവിട്ടത്. ചൈനീസ് ഭരണകൂടം നിരോധിച്ച ചൈനീസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർമാനായ വാൻജുൻ ഷീ എന്ന ആളാണ് കിം മരിച്ചതായി അവകാശപ്പെട്ടത്.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കോമയിലായ കിം ജോങ് ഉന്നിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ചൈനയിലെ ബീജിങ്ങിലേക്ക് കൊണ്ടുവന്നെന്നും എന്നാൽ ഇവിടത്തെ ഡോക്‌ടർമാർക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല എന്നുമാണ് വാൻജുൻ പറയുന്നത്. കിം ജോങ് ഉന്നിന്‍റെ മൃതദേഹം രഹസ്യമായി ഉത്തരകൊറിയയിലേക്ക് മാറ്റിയെന്നുമാണ് അവകാശപ്പെട്ടത്. കൂടാതെ പരമാധികാരി മരിച്ചതിനെ തുടർന്നുണ്ടായ അധികാരമാറ്റ പ്രതിസന്ധി പരിഹരിക്കാനായി ചൈന 9000 ട്രൂപ് സൈനികരെ ഉത്തരകൊറിയയിലേക്ക് അയച്ചതായി ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ തന്‍റെ ആരോപണങ്ങളെ സാധൂകരിക്കാനുള്ള തെളിവുകളൊന്നും വാൻജുൻ പങ്കുവച്ചിട്ടില്ല. ഇത് ആദ്യമായല്ല കിം ജോങ് ഉന്നിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.