

ബെഞ്ചമൻ നെതന്യാഹു- ജെഡി വാൻസ് കൂടിക്കാഴ്ചയിൽ നിർണായക നീക്കങ്ങൾ
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വൈകിട്ട് വാഷിങ്ടണിലെ ബ്ലെയർ ഹൗസിൽ വച്ച് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയതായി ഇസ്രേയലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തുമായും നെതന്യാഹു പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപ മാസങ്ങളിൽ ഇസ്രേയലിനെതിരേ പരസ്യമായ വിമർശനങ്ങൾ ഉന്നയിച്ച നേതാവാണ് വാൻസ്. ഇറാനുമായുള്ള ചർച്ചകളെ അട്ടിമറിക്കാൻ നെതന്യാഹുവിന്‍റെ മന്ത്രിസഭയിലെ അംഗങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അമെരിക്കയിലെ പൊതു ജനവികാരം ഇസ്രയേലിനെതിരേ ആക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തങ്ങൾക്ക് ശേഷിക്കുന്ന ഏക ശക്തനായ സഖ്യ കക്ഷിയെക്കൂടിയാണ് ഇസ്രയേൽ അകറ്റുന്നതെന്നും വാൻസ് മുന്നറിയിപ്പു നൽകിയിരുന്നു.
ഓവൽ ഓഫീസിലെ കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് നെതന്യാഹു
നേരത്തേ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നെതന്യാഹു നടത്തിയ വിപുലമായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാൻസുമായുള്ള ചർച്ച നടന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വാൻസ്, പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു.
ഓവൽ ഓഫീസിലെ കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് നെതന്യാഹു പ്രസ്താവനയിൽ വിശേഷിപ്പിച്ചു. അമെരിക്കൻ പ്രസിഡന്‍റുമായി നടത്തുന്ന ഏറ്റവും മികച്ച സംഭാഷണങ്ങളിൽ ഒന്ന് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പൂർണ പങ്കാളിത്തവും പരസ്പര പിന്തുണയും ചൂണ്ടിക്കാണിച്ച അദ്ദേഹം ഇറാന് ആണവായുധം നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യം ഇരു രാജ്യങ്ങളും പങ്കു വയ്ക്കുന്നുണ്ടെന്നും മറ്റു പൊതു ലക്ഷ്യങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.