
അനധികൃത കുടിയേറ്റക്കാരുടെ മക്കളുടെ ജന്മാവകാശ പൗരത്വം ചോദ്യം ചെയ്ത് ട്രംപ്
getty image
വാഷിങ്ടൺ ഡിസി: അമെരിക്കയിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം ഉറപ്പാക്കുന്ന ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം യുഎസ് സുപ്രീം കോടതിയിൽ. ഈ വിഷയത്തിൽ പ്രസിഡന്‍റിന്‍റെ എക്സിക്യൂട്ടീവ് ഓർഡറിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാണ് ട്രംപിന്‍റെ ആവശ്യം.
14ാം ഭേദഗതി പ്രകാരം അമെരിക്കയിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം ലഭിക്കുമെന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു തെറ്റിദ്ധാരണയാണ് എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ വാദിച്ചു. ഈ തെറ്റിദ്ധാരണ വിനാശകരമായ പ്രത്യാഘാതങ്ങളോടെ അമെരിക്കയിലെങ്ങും വ്യാപകമായെന്നും ഭരണകൂടം വാദിച്ചു.
അനധികൃത കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നിഷേധിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുളള് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ വന്ന കീഴ്ക്കോടതികളുടെ വിധികൾക്ക് എതിരെയാണ് ഭരണകൂടം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്ക് അമെരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം അനുവദിച്ചാൽ അതും അനധികൃതമാകുമെന്നും ഇതുമായി ബന്ധപ്പെട്ട കീഴ്ക്കോടതികളുടെ തീരുമാനങ്ങൾ പ്രസിഡന്‍റിനും ഭരണകൂടത്തിനും അതീവ പ്രാധാന്യമുള്ള ഒരു നയത്തെ അസാധുവാക്കിയെന്നും ഈ അനുമതി അമെരിക്കയുടെ അതിർത്തി സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്നതായും ഭരണകൂടത്തിന്‍റെ ഉന്നത അപ്പീൽ അഭിഭാഷകൻ സോളിസിറ്റർ ജനറൽ ഡി. ജോൺ സൗവർ സുപ്രീം കോടതിയെ ബോധിപ്പിച്ചു.
ഇത്തരം കീഴ്ക്കോടതി വിധികൾ നിയമപരമായ യാതൊരു ന്യായീകരണവുമില്ലാതെ അയോഗ്യരായ ലക്ഷക്കണക്കിന് ആളുകൾക്ക് അമെരിക്കൻ പൗരത്വ പദവി നൽകുന്നതായും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.ട്രംപിന്‍റെ ഈ നീക്കം അമെരിക്കയിലെ കുടിയേറ്റ നിയമങ്ങളിലും പൗരത്വ വിഷയങ്ങളിലും വലിയ രാഷ്ട്രീയ-നിയമപരമായ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്.