വേണ്ടത് ട്രംപിന്‍റെ അനുമതി ഇറാനെ ആക്രമിക്കാൻ സുസജ്ജമായി യുഎസ് ആർമി

96 മണിക്കൂറിനുള്ളിൽ ഇറാനെതിരേ അതിശക്തമായ ആക്രമണം അഴിച്ചു വിടാൻ തയാറായി അമേരിക്കന്‍ സൈന്യം
 US military

അമേരിക്കന്‍ സൈന്യം

Updated on: 

വാഷിങ്ടൺ: പ്രസിഡന്‍റ് ട്രംപിന്‍റെ അനുമതി ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെതിരേ അതിരൂക്ഷമായ സൈനിക നടപടിക്ക് യുഎസ് സൈന്യം സുസജ്ജമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്നും എന്നാൽ പുതിയ ആക്രമണത്തിന് ട്രംപ് ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ റഡാറുകൾ, മിസൈൽ

വിക്ഷേപണ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് അപ്പുറം ഊർജ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ നടപടികൾക്കും യുഎസ് സൈനിക നേതൃത്വം പദ്ധതികൾ തയാറാക്കുന്നതായാണ് വിവരം.

നവംബറിലെ അമേരിക്കയുടെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുള്ള കാലയളവില്‍ ആക്രമണത്തിന് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സൈനിക നടപടികള്‍ക്ക് അനുകൂലമായ സൂചനകള്‍ നല്‍കിയശേഷം അവസാന നിമിഷം തീരുമാനത്തില്‍നിന്ന് പിന്മാറിയിട്ടുള്ള സാഹചര്യങ്ങള്‍ ട്രംപിന്‍റെ ഭാഗത്തുനിന്ന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് നിര്‍ദേശിക്കുന്ന സൈനിക നടപടികള്‍ക്കുള്ള സാധ്യതകള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതാണ് പ്രതിരോധ വകുപ്പിന്‍റെ ചുമതലയെന്ന് പെന്‍റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇറാനും ഹൂതികളും ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാല്‍ ഇറാനും യെമനിലെ ഹൂതി വിമതരും ശക്തമായി തിരിച്ചടിച്ചേക്കുമെന്ന ആശങ്ക യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനുണ്ട്. അമേരിക്കന്‍ സൈനികരെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള തിരിച്ചടി പശ്ചിമേഷ്യയില്‍ ഒതുങ്ങാതെ മറ്റ് മേഖലകളിലേക്കും വ്യാപിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. യുഎസ് നാഷണല്‍ ഇന്‍റലിജന്‍സ് ഡയറക്റ്റര്‍ ജെയ് ക്ലേറ്റണ്‍ ഒക്റ്റോബര്‍ 23ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് അയച്ച മെമ്മോയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ഇറാന്‍റെ ശ്രമങ്ങള്‍ ഗണ്യമായി വര്‍ധിച്ചതായി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുഎസോ ഇസ്രായേലോ ആദ്യം ആക്രമിച്ചില്ലെങ്കില്‍ ഇറാനും ഹൂതികളും മുന്‍കൂര്‍ ആക്രമണം നടത്താന്‍ സാധ്യത കുറവാണെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ സംയുക്ത ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ട്രംപ് അനുമതി നല്‍കിയില്ലെന്നാണ് ഇസ്രായേല്‍ സുരക്ഷാ വൃത്തത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഈ ആരോപണം ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ആക്രമണം ഇസ്രായേലിലെ തിരഞ്ഞെടുപ്പിനെ ബാധിക്കാനും അത് മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ യുഎസ് ജോയിന്‍റ് ചീഫ്‌സ് ഒഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തല്‍ക്കാലം കൂടുതല്‍ ആക്രമണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്രായേലിനോട് യുഎസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കുക ലക്ഷ്യം : നെതന്യാഹു

ഇറാന്‍റെയും ഹൂതികളുടെയും തിരിച്ചടി നേരിടാന്‍ അമേരിക്കയുടെ സഹായം ആവശ്യമായതിനാലാണ് ഇസ്രായേല്‍ പുതിയ ആക്രമണ പദ്ധതികള്‍ നീട്ടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തിനിടെ ഇസ്രായേലിന്‍റെ പ്രതിരോധ മിസൈല്‍ ശേഖരത്തിന് സമ്മര്‍ദം വര്‍ധിച്ചതിനാല്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായാല്‍ യുഎസ് പിന്തുണ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കുകയാണ് സൈന്യത്തിനും മൊസാദിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും നല്‍കിയ നിര്‍ദേശമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ആഴ്ച നടന്ന സൈനിക ബിരുദദാന ചടങ്ങില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാനെതിരായ പുതിയ ആക്രമണ സാധ്യത പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.