

ജെൻസൻ ഹുവാങ്
വാഷിങ്ടൺ: രാജിവച്ച ജെൻസൻ ഹുവാങ്ങിനെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻവിഡിയ ഡയറക്റ്റർ ബോർഡ് ചെയർമാൻ ഹാർവി ജോൺസ്. ബോർഡ് തീരുമാനിച്ചാൽ സിഇഒ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ തയ്യാറാണെന്ന് ഹുവാങ് പരസ്യമായി പ്രതികരിച്ച് മണിക്കൂറുകൾക്കകമാണ് ബോർഡിന്റെ നിലപാട് പുറത്തുവന്നത്.
വ്യക്തിപരമായ പെരുമാറ്റം കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും വിരുദ്ധമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹുവാങ് പ്രസിഡന്റ്, സിഇഒ, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് സ്വമേധയാ രാജിവച്ചതാണെന്ന് ജോൺസ് പറഞ്ഞു. രാജി ബോർഡ് ഏകകണ്ഠമായി അംഗീകരിച്ചെന്നും അദ്ദേഹത്തെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോൺസ് വ്യക്തമാക്കി. സാമ്പത്തിക വർഷം 2027-ലെ മൂന്നാം പാദത്തിലെ വരുമാനഫലം പ്രഖ്യാപിക്കുന്നതിനിടെയാണ് ചെയർമാൻ തീരുമാനം വ്യക്തമാക്കിയത്.
സ്ഥിരം സിഇഒയെ കണ്ടെത്തുന്നതിനായി എക്സിക്യൂട്ടീവ് സെർച്ച് സ്ഥാപനമായ ഹൈഡ്രിക് ആൻഡ് സ്ട്രഗിൾസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊളെറ്റ് ക്രെസ് ഇടക്കാല സിഇഒയായി പ്രവർത്തിക്കും. അപ്രതീക്ഷിതമായ മാറ്റമായിരുന്നെങ്കിലും കമ്പനിയിലെ ജീവനക്കാർ, ഉപഭോക്താക്കൾ, പങ്കാളികൾ, ഓഹരി ഉടമകൾ എന്നിവരുടെ താൽപര്യം മുൻനിർത്തിയാണ് ബോർഡ് തീരുമാനമെടുത്തതെന്ന് ജോൺസ് പറഞ്ഞു. ഇടക്കാല സിഇഒയുടെ നേതൃത്വത്തിൽ ബോർഡിന് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമെരിക്കൻ സർക്കാരുമായും ബന്ധപ്പെട്ട ഏജൻസികളുമായുമുള്ള ഇടപെടലുകൾ ശക്തമാക്കുന്നതിനായി ദേശീയ സുരക്ഷ, കയറ്റുമതി നിയന്ത്രണം എന്നിവ സംബന്ധിച്ച മേൽനോട്ട സമിതിക്കും എൻവിഡിയ ഡയറക്റ്റർ ബോർഡ് രൂപം നൽകിയിട്ടുണ്ട്. സ്വതന്ത്ര ഡയറക്റ്റർമാർ, മുതിർന്ന ഉപദേഷ്ടാക്കൾ, നിയമോപദേശകർ എന്നിവരടങ്ങുന്നതാണ് സമിതി.
രാജിക്ക് പിന്നാലെ ആദ്യമായി പരസ്യപ്രതികരണം നടത്തിയ ഹുവാങ്, ബോർഡ് തീരുമാനിച്ചാൽ സിഇഒ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ തയ്യാറാണെന്ന് ചൊവ്വാഴ്ച രാത്രി എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വ്യക്തിജീവിതത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചെന്നും എൻവിഡിയയിൽ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിനൊത്ത് ഉയരാൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു.
രാജിക്കുശേഷം എൻവിഡിയയിലെ ജീവനക്കാർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവർ തന്നെ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പലരും നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഹുവാങ് പറഞ്ഞു. ബോർഡ് ആവശ്യപ്പെട്ടാൽ മടങ്ങിവരാൻ ബഹുമതിയോടെ തയ്യാറാണെന്നും സ്വതന്ത്ര അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ഹുവാങ്ങിനെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 1.98 ലക്ഷത്തിലധികം പേർ ഓൺലൈൻ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഇതിൽ 10,024-ലധികം പേർ നിലവിലെ എൻവിഡിയ ജീവനക്കാരാണെന്നാണ് അവകാശപ്പെടുന്നത്. ടെസ്ല സിഇഒ ഇലോൺ മസ്കും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്.