

ജോയിന്‍റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമെരിക്ക അടിയന്തരമായി നയതന്ത്ര പിന്മാറ്റ പാത കണ്ടെത്തണമെന്ന് ജോയിന്‍റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഉന്നത ഉപദേശകരോട് വ്യക്തമാക്കിയതായി റിപ്പോർട്ട്. സംഘർഷം വർധിപ്പിക്കാനായി മുന്നിലുള്ള സൈനിക ബദലുകൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വ്യോമാക്രമണം കൊണ്ടു മാത്രം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്ന കാര്യങ്ങൾ കൈവരിക്കാനാകില്ലെന്നും വിഷയവുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങൾ വ്യക്തമാക്കി.
യുദ്ധം നിർണായകമായ ഒരു ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്ന അഭിപ്രായക്കാരനാണ് ഡാൻ കെയ്ൻ. സംഘർഷം രൂക്ഷമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം സിഐഎ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് എന്നിവർ ഉൾപ്പടെയുള്ള ക്യാബിനറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തു.
പ്രസിഡന്‍റ് ട്രംപുമായി നടക്കുന്ന യോഗങ്ങൾക്ക് മുന്നോടിയായി സമാന ചിന്താഗതിയുള്ള ഉപദേശകരുമായി കെയ്ൻ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തി വരികയാണ്. കരസേനയെ ഇറക്കാതെയുള്ള സൈനിക നടപടികൾ പോലും വലിയ അപകട സാധ്യതകളും പരിമിതികളും നിറഞ്ഞതാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്തുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
ഇറാനിൽ കരസേനയെ വിന്യസിക്കാൻ ട്രംപിനു താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ വ്യോമാക്രമണങ്ങളിലൂടെ ഇറാനു മേൽ സമ്മർദ്ദം ചെലുത്തി തനിക്ക് അനുകൂലമായ കരാറുകളിൽ ഒപ്പു വെപ്പിക്കാമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷ അത്ര പ്രായോഗികമല്ലെന്നാണ് കെയ്നും മറ്റു ക്യാബിനറ്റ് അംഗങ്ങളും വിശ്വസിക്കുന്നത്. ട്രംപിന്‍റെ നയങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ ഈ യുദ്ധാവസ്ഥയിൽ നിന്നു പുറത്തു കടക്കാനുളള മറ്റു ബദൽ മാർഗങ്ങൾ തയാറാക്കാനുള്ള ശ്രമത്തിലാണ് സൈനിക നേതൃത്വം.