

ലെബനനിൽ ഐഡിഎഫ് വ്യോമാക്രമണം
file photo
ലെബനനിലെ ബെക്കാ താഴ്വരയിൽ ഹിസ്ബുള്ളയുടെ പരിശീലന ക്യാംപിനെതിരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഹിസ്ബുള്ള പ്രവർത്തകർ ഒത്തു കൂടിയ ഒരു പരിശീലന ക്യാംപും അവരുടെ മിസൈൽ നിർമാണ സ്ഥലവും മറ്റു ലക്ഷ്യങ്ങളും ഉന്നം വച്ചായിരുന്നു ഐഡിഎഫിന്‍റെ വ്യോമാക്രമണം.
ഇസ്രയേലിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഹിസ്ബുള്ള ഈ പരിശീന ക്യാംപുകൾ ഉപയോഗിച്ചിരുന്നു. ബെക്കാ താഴ്വരയിലെ മിസൈൽ നിർമാണ കേന്ദ്രം മുമ്പും നിരവധി തവണ ഐഡിഎഫ് ആക്രമണത്തിനു വിധേയമായിട്ടുണ്ട്. വടക്കൻ ലെബനനിലെ മറ്റൊരു ഹിസ്ബുള്ള കേന്ദ്രത്തിലും ആക്രമണം നടത്തിയതായി ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
ബെക്കാ താഴ്വരയിലും രാജ്യത്തിന്‍റെ വടക്കു ഭാഗത്തും നടത്തിയ ആക്രമണങ്ങളിൽ ആകെ അഞ്ചു ഇസ്രേയലി യുദ്ധ വിമാനങ്ങൾ 16 ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേലി സേന അറിയിച്ചു. ആയുധങ്ങൾ സൂക്ഷിക്കൽ, ഭീകര അടിസ്ഥാന സൗകര്യങ്ങളുടെ സാന്നിധ്യം, ഹിസ്ബുള്ള തീവ്രവാദികൾ ഇസ്രയേലിനെതിരെ സൈനിക പരിശീലനം നടത്തുന്നത് എന്നിവ ഇസ്രയേലും ലെബനനും തമ്മിലുള്ള ധാരണകളുടെ നഗ്നമായ ലംഘനവും ഇസ്രേലിനു ഭീഷണിയുമാണെന്നും സൈന്യം വ്യക്തമാക്കി.