ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാനെ സഹായിച്ചില്ലെന്നു ചൈന

ഓപ്പറേഷൻ സിന്ദൂറിൽ മൂന്നു രാജ്യങ്ങളെയാണ് ഇന്ത്യ നേരിട്ടതെന്ന് ഇന്ത്യയുടെ കരസേനാ ഉപമേധാവി ലെഫ്റ്റനന്‍റ് ജനറൽ രാഹുൽ ആർ. സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാനെ സഹായിച്ചില്ലെന്നു ചൈന

ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്

Updated on

ബീജിങ്: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനു സൈനിക സഹായം നൽകിയിട്ടില്ലെന്നു ചൈന. തങ്ങളും പാക്കിസ്ഥാനും പരമ്പരാഗത സുഹൃത്തുക്കളും പ്രതിരോധ പങ്കാളികളുമാണെങ്കിലും അതൊരിക്കലും മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യമിട്ടല്ലെന്നു ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ മൂന്നു രാജ്യങ്ങളെയാണ് ഇന്ത്യ നേരിട്ടതെന്ന് ഇന്ത്യയുടെ കരസേനാ ഉപമേധാവി ലെഫ്റ്റനന്‍റ് ജനറൽ രാഹുൽ ആർ. സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈന പാക്കിസ്ഥാന് സജീവമായ സൈനിക സഹായം നൽകി. ചൈനീസ് പ്രതിരോധ സാമഗ്രികളുടെ തത്സമയ പരീക്ഷണ ലബോറട്ടറിയായി പാക്കിസ്ഥാൻ മാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മാവോ നിങ്.

ഇന്ത്യ- ചൈന ബന്ധം ഇപ്പോൾ മെച്ചപ്പെട്ടുവരുന്നതിന്‍റെ നിർണായക നിമിഷങ്ങളിലാണ്. ഉഭയകക്ഷി ബന്ധം ക്രമമായി മെച്ചപ്പെടുത്താനാണ് തങ്ങൾക്കു താത്പര്യം. ചൈന പാക്കിസ്ഥാന് തത്സമയ ഉപഗ്രഹ വിവരങ്ങൾ അടക്കം കൈമാറിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തരും ഓരോന്നു പറയുമെന്നും അക്കാര്യങ്ങളെപ്പറ്റി തനിക്കറിയില്ലെന്നും മാവോനിങ്ങിന്‍റെ പ്രതികരണം.

ഇന്ത്യ- പാക് സംഘർഷത്തിനു പിന്നാലെ റഫാൽ യുദ്ധ വിമാനത്തിനെതിരേ ചൈന അപവാദപ്രചാരണം നടത്തുന്നതായി ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തതിനോടു പ്രതികരിക്കാൻ മാവോ നിങ് തയാറായില്ല. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി.

മേയ് ഏഴു മുതൽ 10 വരെയുണ്ടായ ഇന്ത്യ- പാക് സൈനിക സംഘർഷത്തിൽ പാക്കിസ്ഥാനോടൊപ്പം ചൈനയോടും തുർക്കിയോടുമാണ് ഇന്ത്യ ഏറ്റുമുട്ടിയതെന്നായിരുന്നു രാഹുൽ ആർ. സിങ്ങിന്‍റെ വെളിപ്പെടുത്തൽ. തുർക്കി ഡ്രോണുകളടക്കം സൈനിക ഉപകരണങ്ങൾ നൽകി പാക്കിസ്ഥാനെ സഹായിച്ചു. പാക്കിസ്ഥാൻ ഉപഗ്രഹ വിവരങ്ങൾ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com