കണ്ണിന് കണ്ണ്... പല്ലിനു പല്ല്...കടുപ്പിച്ച് ഇറാൻ

ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കും കഴിയില്ലെന്നും ഇറാന്‍റെ താക്കീത്
 Iran's defense policy is an eye for an eye... a tooth for a tooth: Araghchi

ഇറാന്‍റെ പ്രതിരോധ നയം കണ്ണിന് കണ്ണ്... പല്ലിനു പല്ല് എന്ന രീതിയിലാണ്: അരാഗ്ചി

Updated on

ടെഹ്റാൻ: ഇറാന് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കും എണ്ണ വിൽക്കാൻ കഴിയില്ലെന്ന ഭീഷണിയുമായി ഇറാൻ. അമെരിക്കയ്ക്കം അമെരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുമാണ് ഇറാന്‍റെ ഈ മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്കിലൂടെ ഇറാന്‍റെ എണ്ണ കയറ്റുമതിയ്ക്ക് ആരെങ്കിലും തടയിടാൻ ശ്രമിച്ചാൽ പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യത്തിനും എണ്ണ വിൽക്കാൻ കഴിയില്ലെന്നും ഇറാൻ വ്യക്തമാക്കി. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരേ കടുത്ത മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം.

ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരേ ഇറാൻ ആക്രമണം നടത്തിയാൽ ഓരോ സംഭവത്തിനും മറുപടിയായി ഇറാനിലെ പാലമോ വൈദ്യുതി നിലയമോ അമെരിക്ക തകർക്കുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ് ഫോമിലൂടെ അറിയിച്ചിരുന്നു. തലസ്ഥാനമായ തെഹ്റാന് സമീപമുള്ള അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തിനു വിധേയമാകാമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

മറുവശത്ത് ഇറാനെതിരായി തുടർച്ചയായ 12ാം രാത്രിയിലും അമെരിക്ക വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്കു കപ്പലുകൾക്കും സാധാരണ കപ്പൽ ഗതാഗതത്തിനും ഭീഷണിയാകാനുള്ള ഇറാന്‍റെ ശേഷി കൂടുതൽ ദുർബലമാക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം വീണ്ടെടുക്കാനും അന്താരാഷ്ട്ര ചരക്കുകപ്പൽ ഗതാഗതം പുന:സ്ഥാപിക്കാനുമാണ് അമെരിക്ക ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ അമെരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിന്‍റെ വ്യക്തമായ സൂചനകളൊന്നും നിലവിലില്ല. ഹോർമൂസ് കടലിടുക്ക് സംബന്ധിച്ച തർക്കത്തിൽ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

ആഗോള ഊർജ വിതരണത്തിന് നിർണായകമായ ഈ കടൽപാത ഇപ്പോഴും വലിയ തോതിൽ തടസപ്പെട്ട നിലയിലാണ്. ഈ സംഘർഷം ആഗോള സമ്പദ് വ്യവസ്ഥയെ കൂടുതൽ ബാധിക്കുമെന്നും ഇന്ധനവില ഉയരുന്നത് അമെരിക്കയിലെ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുമെന്നുമാണ് വിലയിരുത്തൽ.

സംഘർഷത്തിൽ കൂടുതൽ കടുപ്പിച്ച പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി രംഗത്തെത്തി. രാജ്യത്തിന്‍റെ പ്രതിരോധ നയം കണ്ണിന് കണ്ണ് പല്ലിനു പല്ല് എന്ന രീതിയിലാണെന്നും ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങളുൾപ്പടെ തകർക്കാനുള്ള രാജ്യത്തിനെതിരായ ഏതൊരാക്രമണത്തിനും ശക്തവും നിർണായകവുമായ മറുപടി നൽകുമെന്നും അരാഗ്ചി എക്സിൽ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com