

ഇറാൻ–അമേരിക്ക ആണവ തർക്കം: ഉപരോധ ഇളവിനു മധ്യസ്ഥ നീക്കവുമായി ഖത്തർ
ഖത്തറിന്റെ മധ്യസ്ഥ നീക്കം വിജയിക്കുമോ എന്നത് ഇറാന്റെപ്രതികരണത്തെയും അമേരിക്ക ഉപരോധ ഇളവുകൾ സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാടിനെയും ആശ്രയിച്ചിരിക്കും
ടെഹ്റാൻ: ഇറാന്റെ ആണവ പദ്ധതിയെ ചൊല്ലി അമെരിക്കയുമായുള്ള സംഘർഷം ദൂരീകരിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ പുതിയ നീക്കം. ഇറാൻ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര പരിശോധന പുനരാരംഭിക്കുന്നതിനു പകരം ഉപരോധങ്ങളിൽ പരിമിതമായ ഇളവുകൾ അനുവദിച്ച് മരവിപ്പിച്ച ഫണ്ടുകൾ വിട്ടു നൽകുന്നതാണ് പരിഗണനയിലുള്ള നിർദേശം. രണ്ടു പ്രാദേശിക നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ജറുസലേം പോസ്റ്റ് ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. ഇറാന്റെ പ്രതികരണം വ്യാഴാഴ്ച ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടിലെ സൂചന.
പരിശോധന പുനരാരംഭിക്കാൻ സമ്മർദ്ദം
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (ഐഎഇഎ) ഇൻസ്പെക്റ്റർമാർക്ക് ഇറാന്റെ ആണവ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താൻ അനുമതി നൽകുക എന്നതാണ് നിർദേശത്തിന്റെപ്രധാന ഘടകം. ഇറാന്റെ ആണവ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനും ആണവ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനും പരിശോധന പുനരാരംഭിക്കുന്നത് നിർണായകമാണെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെനിലപാട്.
ഐഎഇഎ ഡയറക്റ്റർ ജനറൽ റാഫേൽ ഗ്രോസി യുഎൻ സുരക്ഷാ കൗൺസിലിൽ നടത്തിയ പ്രസ്താവനയിലും ഇറാന്റെ സഹകരണത്തിന്റെആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായ വിവരങ്ങളും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കാൻ ഇറാൻ ഏജൻസിയുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചർച്ചകളിൽ ഇരുപക്ഷവും ഉറച്ച നിലപാടിൽ
ആണവ ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ഉപരോധങ്ങളിൽ ഇളവ് അനുവദിക്കണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാൽ, ഏതൊരു കരാറിലേക്കും നീങ്ങുന്നതിന് മുമ്പ് ആണവ വിഷയത്തിൽ ഇറാൻ പ്രാരംഭ നടപടികൾ സ്വീകരിക്കണമെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.
ഈ സാഹചര്യത്തിൽ ഐഎഇഎ പരിശോധന പുനരാരംഭിക്കുന്നതിനുള്ള നിർദേശം ഇരുപക്ഷത്തിനും ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു പ്രായോഗിക തുടക്കമായേക്കാം. പരിശോധനയ്ക്ക് അനുമതി നൽകുന്നതിലൂടെ ഇറാന് ഉപരോധ ഇളവുകൾക്കുള്ള സാധ്യത തുറക്കപ്പെടുകയും അമേരിക്കയ്ക്ക് ആണവ പദ്ധതിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇറാന് ഇത് അവസാന അവസരം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പുള്ള അവസാന അവസരമായിരിക്കാം ഈ നിർദേശമെന്ന് മധ്യസ്ഥ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇറാനിയൻ പ്രതിനിധികളെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു. ഇറാനെതിരായ ഉപരോധങ്ങൾ തുടരുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ശക്തമായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കും നിർണായകം
ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യം ഇറാൻ–അമേരിക്ക സംഘർഷത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. മേഖലയിലെ സൈനിക സംഘർഷം വർധിച്ചാൽ എണ്ണവിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
ഖത്തറിന്റെ മധ്യസ്ഥ നീക്കം വിജയിക്കുമോ എന്നത് ഇറാന്റെപ്രതികരണത്തെയും അമേരിക്ക ഉപരോധ ഇളവുകൾ സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാടിനെയും ആശ്രയിച്ചിരിക്കും. നിർദേശം അംഗീകരിച്ചാൽ ആണവ പരിശോധന പുനരാരംഭിക്കുന്നതിനും തുടർചർച്ചകൾക്ക് വഴിയൊരുക്കുന്നതിനും സാധിച്ചേക്കും. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.