'വണ്‍ ഡിറക്ഷന്‍' മുന്‍ ഗായകന്‍ ലിയാം പെയിന്‍ മരിച്ച നിലയില്‍; മരിക്കും മുന്‍പ് അക്രമാസക്തനായിരുന്നു എന്ന് സൂചന

അടുത്തിടെയാണ് അദ്ദേഹം തന്‍റെ 31-ാം ജന്മദിനം യുകെയിൽ ആഘോഷിച്ചത്.
One Direction Liam Payne died in Argentina
ലിയാം പെയിന്‍
Updated on

പ്രശസ്തമായ ബ്രിട്ടീഷ് ബോയ്‌ബാൻഡ് 'വൺ ഡിറക്ഷൻ' മുൻ അംഗവും ഗായകനുമായ ലിയാം പെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസുകാരനായ ലിയാം പെയിൻ, അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള ഹോട്ടലിന്‍റെ മൂന്നാം നിലയിൽ നിന്നു ചാടി മരിക്കുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലിയാം പെയിന്‍ ജീവനൊടുക്കും മുമ്പ് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നതായും ഹോട്ടൽ മുറിയിൽ അക്രമാസക്തനായിരുന്നു എന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അദ്ദേഹം മദ്യവും മയക്കുമരുന്നും ധാരളമായി ഉപയോഗിച്ചിരുന്നു എന്നും, ലാപ്പ്ടോപ്പ് തകത്തെന്നും ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ വ്യക്തമാക്കിയെന്ന് അർജന്‍റീന പൊലീസ് പറയുന്നു.

അക്രമാസക്തനായ ഒരാളെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു ഹോട്ടലിൽ പൊലീസ് എത്തിയത്. എന്നാൽ, ഇയാൾ ബാൽക്കണിയിൽ നിന്നും താഴേക്കു വീണിരുന്നു. ഇതിനു ശേഷമാണ് മരിച്ചത് ലിയാം പെയിൻ ആണെന്നു തിരിച്ചറിയുന്നത്.

Liam Payne
Liam Payne

ലിയാം പെയിന് തന്‍റെ മുന്‍ കാമുകിയായ മായ ഹെന്‍റിയുമായി നിയപ്രശനങ്ങളുണ്ടായിരുന്നു. 2022 ലാണ് ഇരുവരും പിരിയുന്നത്. മരിക്കുന്നതിന് ദിവസങ്ങൾക്കു മുന്‍പ് ലിയാം ഇവരെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ലിയാം പെയിനും ഇപ്പോഴത്തെ കാമുകിയുമായ കെയിറ്റ് കാസിഡിയും സെപ്റ്റംബര്‍ 30-നാണ് അര്‍ജന്‍റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്. തുടര്‍ന്ന് ഈ മാസം 14-ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്‍റീനയില്‍ തന്നെ തുടരുകയുമായിരുന്നു.

തന്‍റെ സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ പ്രകാരം അടുത്തിടെയാണ് അദ്ദേഹം തന്‍റെ 31-ാം ജന്മദിനം യുകെയിൽ ആഘോഷിച്ചത്. തന്‍റെ മുൻ ബാൻഡ്‌മേറ്റായ നിയാൽ ഹൊറനൊപ്പം കോൺസർട്ടിനായി ഒക്ടോബർ 2 നും പെയിൻ അർജന്‍റീന സന്ദർശിച്ചിരുന്നു. ആരാധകർക്കൊപ്പം പെയ്ൻ നൃത്തം ചെയ്യുകയും പാടുകയും ചെയ്തതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

ഹാരി സ്റ്റൈല്‍സ്, നിയല്‍ ഹോറന്‍, ലൂയിസ് ടോമില്‍സണ്‍, സെയിന്‍ മാലിക് എന്നിവരോടൊപ്പം രൂപീകൃതമായ വണ്‍ ഡയറക്ഷന്‍ ബാന്‍ഡിന്‍റെ നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ കൂടിയായിരുന്നു ലിയാം പെയിന്‍ പ്രശസ്തനായത്. ബാന്‍ഡിന്‍റെ പല പാട്ടുകളുടെയും വരികളെഴുതുന്നതില്‍ കൂടി പങ്കാളിയായ ലിയാം പെയിന്‍ സോളോ ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു. തനിക്ക് മദ്യം അടക്കമുള്ളവയോടുള്ള ആസക്തിയെക്കുറിച്ചും അതിൽ നിന്ന് മുക്തി നേടാനായി റിഹാബിറ്റേഷൻ സെന്‍ററുകളിൽ സമയം ചെലവഴിക്കുന്നതിനെപ്പറ്റിയും ഗായകൻ മുമ്പ് തുറന്നുപറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com