
ഗാസയിലെ ജനങ്ങൾക്ക് 'സമരിറ്റൻസ് പഴ്സ് സഹായം എത്തിക്കുന്നു
CREDIT: SOCIAL MEDIA
ഗാസ/ജെറുസലേം: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടയിൽ സംഘർഷ മേഖലയിലുള്ള ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടലുമായി എത്തിയിരിക്കുകയാണ് അമെരിക്ക ആസ്ഥാനമായുള്ള ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പഴ്സ്. ഇസ്രയേൽ-യുഎസ് പിന്തുണയുള്ള പുതിയൊരു ഫൗണ്ടേഷനുമായി സഹകരിച്ചാണ് പ്രമുഖ വചനപ്രഘോഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്‍റെ സംഘടനയായ സമരിറ്റൻസ് പഴ്സ് സഹായം എത്തിക്കുന്നത്.
ഉയർന്ന കലോറിയുള്ള ഭക്ഷണ പായ്ക്കറ്റുകൾ- പ്രത്യേകിച്ചും48 ടണ്ണിലധികം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള വൈറ്റമിൻ-ഫോർട്ടിഫൈഡ് നിലക്കടല ഉൾപ്പടെയുള്ള നിരവധി ഭക്ഷ്യ വസ്തുക്കളുമായി ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ സംഘടന ഗാസയിൽ സഹായമെത്തിച്ചിരുന്നു. ഇത്തരത്തിൽ
ചുരുങ്ങിയ ദിവസങ്ങൾക്കിടെ ഏഴു കയറ്റുമതിയാണ് ഉണ്ടായതെന്ന് സംഘടന വ്യക്തമാക്കി. സമരിറ്റൻസ് പഴ്സ് സംഘടനയുടെ ഡിസി-8,757 എന്നീ വിമാനങ്ങളിലാണ് 2,80,000 പൗണ്ടിലധികം തൂക്കമുള്ള പോഷക സമൃദ്ധമായ ഭക്ഷണ പാക്കറ്റുകൾ എത്തിച്ചത്. സഹായം വിതരണം ചെയ്യുന്നതിനായി വിമാന സർവീസുകൾ തുടരുകയാണെന്നും സംഘടന വ്യക്തമാക്കി.
പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണ വിതരണം. ജോർജിയ ആസ്ഥാനമായ മന(എംഎഎൻഎ) ആണ് അടിയന്തിര പോഷകാഹാര ഉൽപന്നമായ റെഡി-ടു-യൂസ് സപ്ലിമെന്‍ററി ഫുഡ്(ആർയുഎസ്എഫ്) സംഘടനയ്ക്ക് നൽകുന്നത്. ആവശ്യക്കാരിലേയ്ക്ക് ഭക്ഷണ പായ്ക്കറ്റുകൾ എത്തുന്നുന എന്നുറപ്പാക്കാൻ തങ്ങളുടെ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായും മെഡിക്കൽ ടീം ദുരിതബാധിതർക്കിടയിൽ ചികിത്സ തുടരുന്നതായും ഫ്രാങ്ക്ളിൻ ഗ്രഹാം വ്യക്തമാക്കി.