

ജെ.ഡി. വാൻസിന്‍റെ പത്നിയും ഇന്ത്യൻ വംശജയുമായ ഉഷാ വാൻസും കുടുംബാംഗങ്ങളും ഉൾപ്പെടെ താങ്ക്സ് ഗിവിങ് ആഘോഷിക്കുന്ന ചിത്രം
social media
വാഷിങ്ടൺ: കൂട്ടക്കുടിയേറ്റം മൂലം അമെരിക്കൻ സ്വപ്നങ്ങൾ മോഷ്ടിക്കപ്പെടുകയാണ് എന്ന യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസിന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് കോൺഗ്രസിലെ ഇന്ത്യൻ വംശജനായ ശ്രീ തനേദാർ. ജെ.ഡി. വാൻസിന്‍റെ പത്നിയും ഇന്ത്യൻ വംശജയുമായ ഉഷാ വാൻസും കുടുംബാംഗങ്ങളും ഉൾപ്പെടെ താങ്ക്സ് ഗിവിങ് ആഘോഷിക്കുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് തനേദാർ വിമർശനം ഉന്നയിച്ചത്.
നിങ്ങൾ അഭിപ്രായപ്പെടുന്ന പ്രകാരമാണെങ്കിൽ നിങ്ങളുടെ ഭാര്യയുടെ കുടുംബം മുഴുവൻ അമെരിക്കൻ സ്വപ്നം മോഷ്ടിക്കുകയാണ് എന്നാണ് തനേദാർ കുറിച്ചത്. ഉഷയുടെ കുടുംബാംഗങ്ങളായ 20 ഓളം പേർ വാൻസിനൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോൾ സജീവ ചർച്ചയായി കഴിഞ്ഞു.2024ൽ വാൻസിന്‍റെ ഭാര്യ ഉഷയുടെ കുടുംബം താങ്ക്സ് ഗിവിങ് ആഘോഷിക്കുന്നതിന്‍റെ ചിത്രമാണ് പങ്കു വച്ചത്. ഇതിന് അടിക്കുറിപ്പായിട്ടാണ് നിങ്ങളുടെ ഭാര്യയുടെ കുടുംബം അമെരിക്കൻ സ്വപ്നം മോഷ്ടിക്കുകയാണ് എന്ന് കുറിച്ചത്.
ജെ.ഡി. വാൻസിന്‍റെ കുടിയേറ്റ പരാമർശം ദേശീയ തലത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇന്ത്യൻ വംശജയായ വാൻസിന്‍റെ ഭാര്യ ഉഷയെ തിരിച്ചയയ്ക്കണമെന്ന മുദ്രാവാക്യവും പല കോണുകളിൽ നിന്നും ഉയർന്നു. ഇതിനിടെയാണ് ഡെമോക്രാറ്റ് പ്രതിനിധിയായ യുഎസ് കോൺഗ്രസ് അംഗം ശ്രീ തനേദാർ രംഗത്തു വന്നത്. ബൈഡൻ ഭരണകൂടത്തിന്‍റെ കുടിയേറ്റ നയം അമെരിക്കയിൽ വിഭജനം പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു വാൻസിന്‍റെയും കൂട്ടാളികളുടെയും നിലപാട്.
കുടിയേറ്റക്കാർ അമെരിക്കൻ തൊഴിലാളികളുടെ കൂടിയ ശമ്പളത്തിനുള്ള അവസരം കുറയ്ക്കുന്നു എന്നും വാൻസ് വാദിച്ചിരുന്നു. എന്നാൽ എച്ച് വൺ ബി വിസയ്ക്ക് എതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച പ്രസിഡന്‍റ് ട്രംപ് പിന്നീട് നിലപാട് മയപ്പെടുത്തി. യുഎസ് വ്യവസായങ്ങളിൽ കൂടുതൽ വിദേശികളായ വിദഗ്ധ തൊഴിലാളികളെ എത്തിക്കാനായി എച്ച് വൺ ബി വിസ നൽകണമെന്ന ആവശ്യമാണ് ട്രംപ് മുന്നോട്ട് വച്ചത്.