

ജോര്‍ജിയയില്‍ ഹൈവേയില്‍ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങിയ ദൃശ്യം
social media
വാഷിംഗ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ ഹൈവേയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങി. ഗെയ്ന്‍സ് വില്ലില്‍ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. പരിശീലന വിമാനമായ ഹോക്കർ ബീച്ച് ക്രാഫ്റ്റ് ബിഇ-36 ന് എൻജിൻ തകരാറിനെ തുടർന്നാണ് പൈലറ്റ് ഹൈവേയിൽ അടിയന്തിര ലാൻഡിങ് നടത്തിയത്.
ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് കാന്‍റണിലെ ചെറോക്കി കൗണ്ടി റീജിയണൽ വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെ എൻജിൻ തകരാർ അനുഭവപ്പെട്ടതോടെ പൈലറ്റ് തിരിച്ചിറങ്ങാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ എത്താൻ കഴിയാതെ റോഡിൽ നിർബന്ധിത ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനം ഹൈവേയിൽ ഇറങ്ങുന്നതും വാഹനങ്ങളിൽ ഇടിച്ച് അപകടം സംഭവിക്കുന്നതും സംബന്ധിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിരക്കേറിയ ഹൈവേയിലേയ്ക്ക് വിമാനം ലാന്‍ഡ് ചെയ്യുന്നതും ഇതിനു പിന്നാലെ നിരവധി കാറുകളിൽ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ലാൻഡിങിനിടെ വിമാനത്തിന്‍റെ വലത് ചിറക് ഒരു വാഹനത്തിൽ ഇടിച്ചു. അപകടത്തെ തുടർന്ന് റോഡ് അടച്ചു.