

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നു മോഷണം പോയ നടരാജ വിഗ്രഹം ഉൾപ്പടെയുള്ള വിഗ്രഹങ്ങളാണ് തിരികെ നൽകുന്നത്.
file photo
വാഷിങ്ടൺ: ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിച്ച അമെരിക്കയിലെ സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഒഫ് ഏഷ്യൻ ആർട്ട്സിൽ എത്തിച്ച മൂന്നു വിഗ്രഹങ്ങൾ ഇന്ത്യയ്ക്കു തിരികെ നൽകാൻ മ്യൂസിയം അധികൃതർ തീരുമാനിച്ചതായി വാർത്തകൾ. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നു മോഷണം പോയ നടരാജ വിഗ്രഹം ഉൾപ്പടെയുള്ള വിഗ്രഹങ്ങളാണ് തിരികെ നൽകുന്നത്. അമെരിക്കയിലേയ്ക്ക് ഇത് നിയമവിരുദ്ധമായി കൊണ്ടു പോയതായി തെളിഞ്ഞതിനെ തുടർന്നാണ് ഈ നടപടി.
എഡി 990 കാലഘട്ടത്തിൽ നിർമിച്ചതായി കരുതുന്ന ശിവനടരാജൻ ശില്പവും 12ാം നൂറ്റാണ്ടിലെ സുന്ദരർ വിത്ത് പറവൈ ശില്പവും ഇന്ത്യയ്ക്ക് തിരികെ നൽകുമെന്ന് മ്യൂസിയം ഡയറക്റ്റർ ചേസ് എഫ്.റോബിൻസൺ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വിഗ്രഹത്തിന് ഏറെ മൂല്യമുണ്ട്. ഇതാണ് മോഷ്ടാക്കൾ ഈ വിഗ്രഹങ്ങൾ കടത്താൻ കാരണം.
2002ൽ ന്യൂയോർക്കിലെ ഡോറിസ് വീനർ ഗാലറിയിലൂടെയാണ് ഈ വിഗ്രഹങ്ങൾ സ്മിത്ത് സോണിയന്‍ നാഷണൽ മ്യൂസിയത്തിൽ എത്തിയതെന്ന് കണ്ടെത്തി. എന്നാൽ രേഖകളിലെ മേൽവിലാസം പോലും സ്ഥിരീകരിക്കാനാകാതിരുന്ന മ്യൂസിയം ഗവേഷകർ പിന്നീട് ഡോറിസ് വീനർ ദക്ഷിണേഷ്യയിൽ നിന്നു മോഷ്ടിച്ച പുരാവസ്തുക്കൾ അമെരിക്കയിലേയ്ക്ക് കടത്തിയിരുന്നു എന്ന് കണ്ടെത്തി.