

റെസ പഹ്ലവി
file photo
ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ നീക്കങ്ങൾ ശക്തമാകുന്നതിനിടെ നൂറുകണക്കിന് ആളുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അമെരിക്കയുടെയും ഇസ്രയേലിന്‍റെയും താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന രാജ്യദ്രോഹികൾക്കെതിരായ നീക്കമാണ് ഇതെന്ന് ഇറാൻ അധികൃതർ വിശേഷിപ്പിച്ചു.
രാജ്യത്തെ 31 പ്രവിശ്യകളിൽ 26 എണ്ണത്തിലായി പ്രവർത്തിച്ചിരുന്ന 111 രാജഭരണ അനുകൂല സെല്ലുകളെ ബുധനാഴ്ചയോടെ തകർത്തതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട രാജഭരണത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം അവകാശപ്പെട്ടു.
രാജഭരണ അനുകൂല സെല്ലുകളെ തെരഞ്ഞു പിടിച്ച് ഇറാൻ
file photo
അറസ്റ്റിലായവരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെത്തിയതായും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചയായി തുടരുന്ന സമ്പൂർണ ഇന്‍റർനെറ്റ് വിച്ഛേദനം രാജ്യത്തെ 9.2 കോടി ജനങ്ങളെ ബാധിച്ച സാഹചര്യത്തിൽ
വിദേശത്തെ ഭീകര മാധ്യമങ്ങൾക്ക് വീഡിയോകൾ അയച്ചു കൊടുത്തതിന് 21 പേരെ പ്രത്യേകമായി അറസ്റ്റ് ചെയ്തു. കൂടാതെ രാജ്യത്തേയ്ക്ക് ഒളിച്ചു കടത്താൻ ശ്രമിച്ച 350 സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്‍റർനെറ്റ് ടെർമിനലുകൾ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.
ടെഹ്റാനിനു സമീപമുള്ള കരാജ് നഗരത്തിൽ അറസ്റ്റിലായവർ ഫെബ്രുവരി 28 ന് കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ചിത്രങ്ങൾ കത്തിക്കുകയും അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട നേതാവിനെ രക്തസാക്ഷി എന്നു വിശേഷിപ്പിച്ച അധികൃതർ ഭരണകൂടത്തിനെതിരായ ഏതൊരു നീക്കത്തെയും കർശനമായി അടിച്ചമർത്തുമെന്ന സൂചനയായണ് നൽകുന്നത്. സായുധ പോരാട്ടങ്ങളും പ്രതിഷേധങ്ങളും തുടരുന്ന സാഹചര്യത്തിൽ ഇറാന്‍റെ ആഭ്യന്തര സുരക്ഷ അതീവ ഗുരുതരമായി തുടരുകയാണ്.